വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തുപ്പാക്കിയിലും ബില്ല 2, കമാന്റോ, അഞ്ചാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലുമൊക്കെ മികച്ച വേഷങ്ങൾ അവതരിപ്പിച്ച യുവതാരമാണ് വിദ്യുത് ജാംവാൽ. തുപ്പാക്കിയിലെ സൂപ്പര്‍ വില്ലനായി തിളങ്ങിയ വിദ്യുത് ഒരു സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയതാണ് വാഹനലോകത്തെ കൗതുകവാര്‍ത്തകളിലൊന്ന്.

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ നിരയിലെ സൂപ്പർ താരം ഡയവെല്ലിനെയാണ് വിദ്യുത് സ്വന്തമാക്കിയിരിക്കുന്നത്. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തു ചേർന്ന ഈ സൂപ്പർബൈക്കിന് ആരാധകര്‍ ഏറെയാണ്. ഡയവെലിന്‍റെ 1198.4 സിസി എൽ ട്വിൻ എൻജിന്‍ 9250 ആർപിഎമ്മിൽ 162 ബിഎച്ച്പി കരുത്തും 8000 ആർപിഎമ്മിൽ 130.5 എൻഎം ടോർക്കും സൃഷ്‍ടിക്കും. പൂജ്യത്തിൽനിന്നു 100ൽ എത്താൻ വെറും 2.6 സെക്കന്റ് സമയം മാത്രം മതി. എകദേശം 19 ലക്ഷം രൂപയാണ് ഈ സൂപ്പര്‍ ബൈക്കിന്‍റെ ഡല്‍ഹി എക്സ്ഷോറൂം വില.