വിജയ് മല്യയുടെ ആഡംബര നൗക കണ്ടുകെട്ടി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത മദ്യരാജാവ് വിജയ് മല്യയുടെ ആഡംബര നൗക കണ്ടുകെട്ടി. ജീവനക്കാർക്ക് നൽകേണ്ട ശമ്പള കുടിശിക നല്‍കാത്തതിനാല്‍ മാരിടൈം യൂണിയൻ അധികൃതരാണ് മല്യയുടെ ഇന്ത്യൻ എംപ്രസ് എന്ന ആഡംബര നൗക പിടിച്ചെടുത്തത്. ഏകദേശം 93 മില്യൺ ഡോളർ (ഏകദേശം 604 കോടി രൂപ) വില വരുന്ന ആഡംബര നൗക മാൾട്ട ദ്വീപിൽ നിന്നാണ് പിടിച്ചെടുത്തത്. കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന മദ്യരാജാവാണ് മല്യ.

ജീവനക്കാർക്ക് നൽകേണ്ട ശമ്പള കുടിശിക 1 ദശലക്ഷം ഡോളർ (ഏകദേശം 6.4 കോടി രൂപ) നൽകാത്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള ശമ്പളം നൽകാനുണ്ടെന്നായിരുന്നു ജീവനക്കാരുടെ പരാതി. നിരവധി തവണ അവധി നൽകിയെങ്കിലും ശമ്പള കുടിശിക തീർക്കാൻ മല്യ തയ്യാറായില്ല.

നെതർലാൻഡ് നിർമ്മിതമായ ഈ ആഡംബര യാനം ഖത്തർ രാജകുടുംബത്തില്‍ നിന്നും 2006ലാണ് മല്യ സ്വന്തമാക്കിയത്. 95 മീറ്റർ നീളവും 22 മീറ്റർ ഉയരവുമുള്ള യാനത്തില്‍ ഏകദേശം 12 പേർക്ക് സഞ്ചരിക്കാം. 14 നോട്ട്സാണ് വേഗം. 9130 എച്ച്പി കരുത്തുള്ള മൂന്ന് എഞ്ചുനുകളാണ് കപ്പലിന്‍റെ ഹൃദയം. കപ്പലില്‍ മാസ്റ്റർ സ്യൂട്ടും ജിംനേഷ്യവും സ്ട്രീം റൂമും ഡൈനിങ് റൂമും ഉള്‍പ്പെടെ 17 ഗസ്റ്റ് ക്യാബിനുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.