കൈയ്യടി വാങ്ങിക്കാന്‍ മരണത്തിന്‍റെ വക്കില്‍ നിന്ന് പലരും സാഹസികപ്രവൃത്തികള്‍ ചെയ്യുന്നത് പതിവാണ്. അത്തരം സാഹസങ്ങളില്‍ പലര്‍ക്കും ജീവന്‍ തന്നെ നഷ്‍ടപ്പെടാറുണ്ട്. എന്നാലും ഇത്തരം പ്രവൃത്തികള്‍ പലരും ആവര്‍ത്തിക്കുന്നതാണ് പതിവ്. ഇത്തരമൊരു സാഹസിക പ്രവര്‍ത്തനത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു യുവാവ് റോഡിലൂടെ കുതിച്ചുവരുന്ന കാറിനു മുകളിലൂടെ ബാക്ക് ഫ്ലിപ്പ് ചെയ്ത് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. എന്നാല്‍ ചാട്ടം പിഴയ്ക്കുകയും യുവാവിനെ കാര്‍ ഇടിച്ചിടുകയും ചെയ്തു. കാറിടിച്ച ശേഷം യുവാവ് ഫ്ലിപ്പ് ചെയ്തുകൊണ്ട് റോഡിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം. ഭാഗ്യത്തിന് നിസാരപരിക്കുകളോടെ അദ്ദേഹം രക്ഷപെടുകയായിരുന്നു.

എന്നാല്‍ സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല. സംഭവത്തിന് ശേഷം യുവാവ് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയില്‍ ആരും ഇത് ആവര്‍ത്തിക്കരുതെന്നും യുവാവ് മുന്നറിയിപ്പ് നല്‍കുന്നു. ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.