ടോക്കിയോ: 2016ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ വിറ്റ കമ്പനി എന്ന പദവി ഫോക്‌സ് വാഗണ്‍ സ്വന്തമാക്കി. ടൊയോട്ടയെ മറികടന്നാണ് ഫോക്‌സ് വാഗണ്‍ന്റെ നേട്ടം. ഫോക്‌സ് വാഗണ്‍, ഔഡി, പോര്‍ഷെ, സ്‌കോഡ തുടങ്ങിയ ബ്രാന്‍ഡുകള്‍ അടങ്ങുന്ന ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ്, മലിനീകരണം മറച്ചുവയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെന്ന സംഭവത്തില്‍ നേരിട്ട വന്‍ തിരിച്ചടി മറികടന്നാണു നേട്ടത്തിലേക്കു കുതിച്ചത്. 

ചൈനയിലെ വില്‍പന ഉയര്‍ന്നതാണ് മൊത്തം ആഗോള വില്‍പന 1.03 കോടിയില്‍ എത്തിക്കാന്‍ സഹായിച്ചത്. ജപ്പാന്‍ കമ്പനിയായ ടൊയോട്ടയ്ക്ക് 1.017 കോടി കാറുകളേ വില്‍ക്കാനായുള്ളൂ. മുന്‍ കൊല്ലത്തെക്കാള്‍ 0.2% മാത്രം വര്‍ധന. ഫോക്‌സ് വാഗണ്‍ നേടിയത് 3.8% വര്‍ധനയാണ്. യുഎസ് കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് അടുത്തയാഴ്ചയേ വാര്‍ഷിക വില്‍പനക്കണക്കുകള്‍ പുറത്തുവിടൂ.