ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും 3.23 ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാന്‍ ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്സ്‌വാഗൻ ഒരുങ്ങുന്നു. പുകമറസോഫ്റ്റ്‌വയറിന്റെ സഹായത്തോടെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടി ഇന്ത്യയിൽ വിറ്റവാഹനങ്ങളാണ് ഇവ. ഇതിനുള്ള വിശദമായ പദ്ധതി ദേശീയ ഹരിത ട്രൈബ്യൂണലി(എൻ ജി ടി)നു സമർപ്പിച്ചു.

ഡീസല്‍ ഗേറ്റ് അഥവാ പുകമറ വിവാദത്തെ തുടര്‍ന്ന് ആഗോളതലത്തിൽ കോടിക്കണക്കിനു കാറുകളാണു ഫോക്സ്‌വാഗൻ തിരിച്ചുവിളിച്ച് പരിഹാര മാർഗങ്ങൾ സ്വീകരിക്കുന്നത്. ഡീസൽ എൻജിനുകൾ സൃഷ്ടിക്കുന്ന യഥാർഥ മലിനീകരണം മറച്ചുപിടിക്കാൻ സോഫ്റ്റ‌‌്‌വെയറിനെ ഉപയോഗിച്ചു എന്നതാണ് ഫോക്സ് വാഗനെതിരായ പരാതി. ഇത്തരത്തിൽ വ്യാജ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാൻ ഉപയോഗിച്ച സോഫ്റ്റ‌‌്‌വെയറിനെയാണു ‘പുകമറ’യായി വിശേഷിപ്പിക്കുന്നത്. പുക പരിശോധന നടക്കുന്നതു തിരിച്ചറിഞ്ഞ് എൻജിൻ പ്രവർത്തനം പുനഃക്രമീകരിക്കുകയും അങ്ങനെ മലിനീകരണം നിശ്ചിത പരിധിക്കുള്ളിലാണെന്ന പ്രതീതി സൃഷ്ടിക്കുകയുമായിരുന്നു ഈ സോഫ്റ്റ‌‌്‌വെയര്‍ ചെയ്തിരുന്നത്. യു എസിലും യൂറോപ്പിലും മറ്റു വിദേശ വിപണികളിലുമായി 1.10 കോടിയോളം വാഹനങ്ങളിലാണു ‘പുകമറ’ സോഫ്റ്റ‌‌്‌വെയയറിന്റെ സാന്നിധ്യം സംശയിക്കുന്നത്.

വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓപ് ഇന്ത്യ(എ ആർ എ ഐ) നടത്തിയ പരിശോധനയിൽ ചില കാറുകൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ഭാരത് സ്റ്റേജ് നാല് നിലവാരപ്രകാരം അനുവദനീയമായതിന്റെ 1.1 മുതൽ 2.6 ഇരട്ടി വരെയാണെന്നു കണ്ടെത്തിയിരുന്നു. തുടന്ന്.ഇന്ത്യയിലും ഈ സോഫ്റ്റ‌‌്‌വെയറിന്റെ സാന്നിധ്യമുള്ള 3,23,700 കാറുകളിൽ പരിഹാര നടപടി വേണ്ടി വരുമെന്ന് 2015 ഡിസംബറിൽ ഫോക്സ്വാഗൻ വ്യക്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളില്‍ പ്രശ്നം പരിഹരിക്കാന്‍ ചെയ്തതു പോലെ ഇന്ത്യയിലും സമാന നടപടി സ്വീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഫോക്സ്‌വാഗൻ വിശദ പദ്ധതി തയാറാക്കി സമർപ്പിച്ചത്. ഫോക്സ്‌വാഗനെതിരായ പരാതി വീണ്ടും അഞ്ചിന് ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കും.