ജീപ്പ് കോംപസിനെ നേരിടാന്‍ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗനും എത്തുന്നു. ഈ കോംപാക്റ്റ് എസ്‌യുവിയുടെ പേര് ടി - റോക്ക്. 2014 ലെ ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ചെറു എസ്‌യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ടി–റോക്ക്. അടുത്ത ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഡിസംബറിൽ രാജ്യാന്തര വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോക്സ്‌വാഗന്റെ പുതിയ ഡിസൈൻ ഫിലോസഫിയില്‍ രൂപകൽപ്പന ചെയ്യുന്ന ടി - റോക്കിന് 4234 എംഎം നീളവും 1819 എംഎം വീതിയും 1573 എംഎം ഉയരവുമുണ്ടാകും. ഫീച്ചറുകളിലും സ്റ്റൈലിലും പ്രീമിയം എസ്‌യുവിയായ ടിഗ്വാനോട് കിടപിടിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. 11.3 ഇഞ്ച് ആക്ടീവ് ഇൻഫോ ഡിസ്പ്ലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാക്ക്, 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, എട്ട് ചാനൽ ബോഷ് സൗണ്ട് സിസ്റ്റം എന്നിവ വാഹനത്തിലുണ്ടാകും. കഴിഞ്ഞ വർഷം ആദ്യം നടന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ടി ക്രോസ് ബ്രീസ് കൺസെപ്റ്റിന്റെ മുകളിലുള്ള മോഡലായിരിക്കും ടി–റോക്ക്. ഫോക്സ്‌വാഗന്റെ എംക്യൂബി പ്ലാറ്റ്ഫോമാണ് ടി-റോക്ക് നിർമിക്കുന്നത്.
രാജ്യാന്തര വിപണിയിൽ അഞ്ച് ടർബോ ചാർജ്ഡ് എൻജിനുകളാണ് ടി–റോക്കിലുണ്ടാകും. 117 ബിഎച്ച്പി കരുത്തും 217 എൻഎം ടോർക്കുമുള്ള 1 ലീറ്റർ എൻജിൻ, 152 ബിഎച്ച്പി കരുത്തും 339 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എൻജിൻ 193 ബിഎച്ച്പി കരുത്തും 434 എൻഎം ടോർക്കുമുള്ള 2 ലീറ്റർ എൻജിൻ എന്നിവയാണ് പെട്രോൾ എൻജിനുകൾ. ഡീസൽ മോഡലിൽ 117 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ എൻജിനും 152 അല്ലെങ്കിൽ 193 കരുത്തുള്ള 2 ലീറ്റർ എൻജിൻ എന്നിവയാണുള്ളത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളുണ്ടാകും.
സ്ട്രീറ്റ്, സ്‌നോ, ഓഫ്‌റോഡ്, ഓഫ്‌റോഡ് ഇന്‍ഡിവിജ്വല്‍ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ടി-റോക്കില്‍ ലഭ്യമാണ്. ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം, ലെയ്ന്‍ അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, പെഡസ്ട്രിയന്‍ മോണിറ്ററിംഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിങ്ങനെ നീളുന്നതാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്കിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.
ഫ്രണ്ട്-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ടി-റോക്കില്‍ ലഭ്യമാണ്. വിശാലമായ ഇന്റീരിയറാണ് ടി-റോക്കിന് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്. 445 ലിറ്ററാണ് പുതിയ ക്രോസ്ഓവറിന്റെ ബൂട്ട് കപ്പാസിറ്റി. ജീപ്പിന്റെ ചെറു എസ്‌യുവി കോംപസായിരിക്കും ടി-റോക്കിന്‍റെ മുഖ്യ എതിരാളി
