സുരക്ഷയുടെ കാര്യത്തില്‍ ജര്‍മ്മന്‍ കാറുകള്‍ പേരു കേട്ടതാണ്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുകയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന ഒരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങല്‍. രണ്ട് നാഷണല്‍ പെര്‍മിറ്റ് ട്രക്കുകള്‍ക്ക് ഇടയില്‍പ്പെട്ട് ചതഞ്ഞുടഞ്ഞ ഫോക്സ് വാഗണ്‍ വെന്‍റോ ആണ് കരുത്ത് തെളിയിച്ചത്. അപകടത്തില്‍ കാറിലെ യാത്രികരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു.
രണ്ടു ട്രക്കുകള്‍ക്ക് ഇടയില്‍ സഞ്ചരിക്കുകയായിരുന്നു കാര്‍. ഇതിനിടെ മുമ്പില്‍ സഞ്ചരിച്ചിരുന്ന ട്രക്ക് സഡന്‍ ബ്രേക്കിട്ടതോടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വെന്റോ ട്രക്കിലേക്ക് ഇടിച്ചു കയറി. കാറിനു പിന്നില്‍ സഞ്ചരിച്ച ട്രക്കിനും കൃത്യസമയത്ത് പെട്ടെന്നു നിര്‍ത്താന്‍ സാധിച്ചില്ല. വെന്റോയ്ക്ക് പിന്നിലേക്ക് ഈ ട്രക്കും ഇടിച്ചുകയറി. അപകടത്തിന് ശേഷം പിന്നില്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിര്‍ത്താതെ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഇടിയുടെ ആഘാതത്തില്‍ വെന്റോ പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ ഒരു പോറല്‍ പോലുമില്ലാതെ രക്ഷപ്പെട്ടതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇടിയുടെ ആഘാതം വെന്റോയുടെ മുന്‍-പിന്‍ ക്രമ്പിള്‍ സോണുകള്‍ പൂര്‍ണമായും തകര്‍ന്നതായി വീഡിയോയില്‍ കാണാം.
അതേസമയം അപകടം നടന്ന സ്ഥലം ഏതാണെന്ന് വീഡിയോയില്‍ വ്യക്തമാല്ല. മലപ്പുറം ജില്ലയയിലെ തിരൂരങ്ങാടിക്ക് സമീപമാണെന്നാണ് സ്ഥിരീകരിക്കാത്ത സൂചന
മുന്നില്‍ നിന്നും പിന്നില്‍ നിന്നും ആഘാതമേറ്റിട്ടും കാറിന്റെ എഞ്ചിന് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നതും അദ്ഭുതകരമാണ്. വെന്റോയുടെ സ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത കാറായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നുണ്ട്.
