നാലു ചാക്ക് നോട്ടുമായി യുവതി കാർ വാങ്ങാനെത്തിയതിനെ തുടര്‍ന്ന് കാര്‍ ഷോറൂം ജീവനക്കാര്‍ക്ക് കിട്ടിയത് മുട്ടന്‍പണി. ചൈനയില്‍ ഒരു പ്രാദേശിക കാര്‍ ഷോറൂമില്‍ കഴിഞ്ഞ ദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്‍തത്.
ഷാന്‍ഡോംഗ് പ്രവശ്യയിലെ ഹോണ്ടയുടെ കാര്‍ ഷോറൂമിലേക്കായിരുന്നു യുവതി എത്തിയത്. സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന യുവതിയാണ് കാർ വാങ്ങാൻ യുവാൻ നോട്ടുകളുമായി എത്തിയതെന്ന് ജിവനക്കാര്‍ പറയുന്നു. ഒരു കാർ വേണമെന്ന് ഇവര്‍ പറഞ്ഞു. ചെറിയ നോട്ടുകൾ സ്വീകരിക്കുമോയെന്നും ചോദിച്ചു. സ്വീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ നാല് ചാക്ക് നിറയെ നോട്ടുകളുമായി ഇവര്‍ എത്തി. ജീവനക്കാര്‍ ആദ്യമൊന്ന് അമ്പരന്നു.
തുടര്‍ന്ന് ഈ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയിലേക്ക് ജീവനക്കാര്‍ കടന്നു. ഒടുവില്‍ 20 ജീവനക്കാരുടെ ഒരു മണിക്കൂർ പരിശ്രമത്തിന്റെ ഫലമായാണ് നോട്ടുകള്‍ എണ്ണിത്തീർന്നത്. ഏകദേശം 130,000 യുവാന്റെ നോട്ടുകളായിരുന്നു (ഏകദേശം 13 ലക്ഷം രൂപ) ബാഗിൽ ഉണ്ടായിരുന്നത്. രണ്ടു ലക്ഷം യുവാന്റെ കാർ സ്വന്തമാക്കിയ അവർ ബാക്കി പണം മൊബൈൽ ബാങ്കിങ്ങിലൂടെ ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവത്രെ.
എന്തായാലും ജീവനക്കാര്‍ നോട്ടെണ്ണുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

