റോഡില്‍ അക്ഷമരായിരിക്കും നമ്മളില്‍ പലരും. ആദ്യമെത്തണമെന്നും ആരും മറികടക്കരുതെന്നുമൊക്കെ കരുതുന്നവരാകും പലരും. വാഹനമോടിക്കുമ്പോൾ ചിലര്‍ക്കെങ്കിലും മറ്റുള്ളവരോട് മുഴുവൻ ദേഷ്യമായിരിക്കും. എതിരെ വരുന്ന വാഹനങ്ങൾക്കു നേരെയും കാൽനടക്കാർക്കു നേരെയുമൊക്കെ ദേഷ്യം പ്രകടിപ്പിക്കും പലരും.
എന്നാൽ ഇത്തരം ഡ്രൈവർമാർക്കിടയിൽ വ്യത്യസ്തയായൊരു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചൈനയിലാണ് സംഭവം. റോഡുമുറിച്ചു കടക്കാന്‍ സീബ്രാ ലൈനില്‍ നിന്നും കഷ്ടപ്പെടുന്ന ഒരു വികലാംഗനെ സഹായിക്കുന്നതിന് തിരക്കുള്ള ഹൈവേയിലെ നടുറോഡിലാണ് ഈ യുവതി തന്റെ കാർ നിർത്തിയത്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കു മുന്നില്‍ ഭയപ്പെട വികലാംഗന്‍ റോഡില്‍ അമ്പരന്നു നില്‍ക്കുന്നതും കാറിലെത്തിയ യുവതി വണ്ടി നിര്‍ത്തി ഓടിയെത്തുന്നതും ആ മനുഷ്യനെ കൈപിടിച്ച് അപ്പുറം കടത്തിയ ശേഷം തിരികെ ഓടി കാറില്‍ കയറി ഓടിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.
ട്രാഫിക് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. യുവതിയുടെ പ്രവർത്തിയെ അനുമോദിച്ച് ആയിരങ്ങളാണ് കമന്‍റും ലൈക്കും ചെയ്യുന്നത്. പിപ്പീൾസ് ഡെയ്‌ലി ചൈനയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
