പെട്രോളിനും ഡീസലിനും പകരം മദ്യം ഒഴിച്ചാല്‍ കാര്‍ ഓടുമോ? ഓടുമെന്നാണ് സ്കോട്ട്ലന്‍റില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പറയുന്നത്. വിസ്‌കി ഉത്പാദന പ്രക്രിയയിലെ അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിക്കുന്ന ബയോ ബ്യൂട്ടനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറിന്‍റെ പരീക്ഷണ ഓട്ടമാണ് കഴിഞ്ഞ ദിവസം ഒരു സ്‍കോട്ടിഷ് കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സെല്‍ട്ടിക് റിന്യൂവബിള്‍സ് എന്ന കമ്പനി പെര്‍ത്ത്ഷയര്‍ ടല്ലിബാര്‍ദൈന്‍ ഡിസ്റ്റിലറിയുടെ സഹകരണത്തോടു കൂടിയാണ് വിസ്‌കി ഇന്ധനം ഉത്പാദിപ്പിച്ചത്. എന്‍ജിനില്‍ യാതൊരു മാറ്റവും കൂടാതെ പെട്രോള്‍ / ഡീസല്‍ കാറുകളില്‍ ഈ ഇന്ധനം ഉപയോഗിക്കാമെന്നതും ഉപയോഗയോഗ്യമല്ലാത്ത അവശിഷ്ടത്തില്‍ നിന്നാണ് ഈ ഇന്ധനം ഉത്പാദിപ്പിച്ചത് എന്നതുമാണ് ഏറ്റവും വലിയ പ്രത്യേകത.

പുതിയ കണ്ടുപിടിത്തം ചരിത്രസംഭവമാണെന്നാണ് കമ്പനിയുടെ അവകാശവാദം. വിസ്‌കിയുടെ സ്വന്തം നാടാണ് സ്‌കോട്ട്ലന്‍ഡ്. ഇവിടെ ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ ഓരോ വര്‍ഷവും പാഴാക്കിക്കളയുന്നുണ്ട്. കൂടാതെ വിസ്‌കി ഉത്പാദക രാജ്യങ്ങളില്‍ പ്രമുഖരായ അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ഇന്ധനവിപ്ലവം കൊണ്ടുവരാമെന്ന് സെല്‍ട്ടിക്ക് റിന്യൂവബിള്‍സിന്‍റെ സ്വപ്നം. പദ്ധതിയുടെ നടത്തിപ്പിനായി കമ്പനിക്ക് സര്‍ക്കാരിന്‍റെ ഗ്രാന്‍റ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പുതിയ കണ്ടുപിടിത്തം ജൈവ ഇന്ധന മേഖലയിലെ പുതിയ ഗവേഷണങ്ങള്‍ക്കും വഴിവച്ചേക്കും.