ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര്‍ ലേലമാണ് ഇനി ബ്രിട്ടനില്‍ ഉടനെ നടക്കാനിരിക്കുന്നത്.
ലണ്ടന്: ഒരു ലക്ഷവും അഞ്ച് ലക്ഷവും ഒക്കെ കൊടുത്ത് ആളുകള് വാഹനങ്ങള് ഇഷ്ട നമ്പറുകള് വാങ്ങുന്നത് അത്ര അപരിചിതമല്ല ഇപ്പോള് നമുക്ക്. ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്ന നമ്പറുകള്ക്കായി പണം മുടക്കുന്നത് പാഴ്ചെലവാണെന്ന് കണക്കുകൂട്ടുന്നവരും കുറവല്ല. എന്നാല് പ്രശസ്തരും ശതകോടികളുടെ ആസ്തികളുള്ളവരുമൊക്കെ വാഹനത്തിന്റെ ആഡംബരത്തിനൊപ്പം തന്നെ പ്രധാനമായി കാണുന്നതാണ് നമ്പറുകള്.
ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര് ലേലമാണ് ഇനി ബ്രിട്ടനില് ഉടനെ നടക്കാനിരിക്കുന്നത്. ഏതാനും ലക്ഷങ്ങളോ ഒന്നോ രണ്ടോ കോടികളോ ഒന്നുമല്ല നമ്പറിന്റെ വില. 132 കോടി രൂപയാണ് F1 എന്ന നമ്പറിന് ഇട്ടിരിക്കുന്ന വില. 1904 മുതല് 2008 വരെ എകെക്സ് സിറ്റി കൗണ്സിലിന്റെ കൈയ്യിലായിരുന്നു F1 നമ്പര്. പിന്നീട് സ്വകാര്യ വ്യക്തികള്ക്ക് ഇത് കൊടുക്കാന് തുടങ്ങിയപ്പോള് 2008ല് നാല് കോടിക്ക് ലേലത്തില് പോയി. പല ആഡംബര വാഹനങ്ങളില് കയറിയിറങ്ങിയ ഈ നമ്പര് ഇപ്പോള് ഖാന് ഡിസൈന് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഉടമ അഫ്സല് ഖാന്റെ കൈയ്യിലാണ്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ആഡംബര വാഹനങ്ങള് ഡിസൈന് ചെയ്ത് നല്കുന്ന കമ്പനിയാണ് ഖാന് ഡിസൈന്.
ലേലം നടക്കുമെങ്കില് ലോകത്തിലെ ഏറ്റവും വിലയേറിയ നമ്പര് പ്ലേറ്റ് വില്പ്പനയായി ഇത് മാറും. മാസങ്ങള്ക്ക് മുന്പ് യു.എ.ഇയില് D5 എന്ന നമ്പര് പ്ലേറ്റ് 67 കോടിക്ക് വിറ്റുപോയതാണ് നിലവില് ഏറ്റവും വലിയ തുകയ്ക്ക് നടന്ന ലേലം. ഇന്ത്യക്കാരനായ ബല്വീന്ദര് സഹാനിയാണ് അത് വാങ്ങിയത്. അബുദാബിയില് 1 -ാം നമ്പര് 66 കോടിക്കാണ് 2008ല് വിറ്റുപോയത്.
