ഇത്രയും മോശം ഡ്രൈവറെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

First Published 11, Apr 2018, 6:38 PM IST
Worst driver in world viral video
Highlights
  • ലോകത്തിലെ ഏറ്റവും മോശം ഡ്രൈവര്‍
  • ചൈനയിലെ സംഭവം
  • വീഡിയോ വൈറല്‍

ചില ഡ്രൈവര്‍മാരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? റോഡിൽ താനും തന്റെ വണ്ടിയും മാത്രമേയുള്ളൂ എന്ന ഭാവത്തിൽ വണ്ടിയോടിക്കുന്നർ. മുന്നും പിന്നും നോക്കാതെ തങ്ങള്‍ക്കു തോന്നുന്നിടത്ത് ബ്രേക്കിടുക, ഇൻഡിക്കേറ്ററിടാതെ വണ്ടി തിരിക്കുക, തോന്നിയതുപോലെ  വേഗം കൂട്ടുക, കുറയ്ക്കുക  തുടങ്ങിയവ ഇവരുടെ മാത്രം പ്രത്യേകതകളാണ്. ഇക്കൂട്ടര്‍ റോഡില്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് പലപ്പോഴും വിലകൊടുക്കേണ്ടി വരിക മറ്റു വാഹനങ്ങളും അതിലെ ഡ്രൈവര്‍മാരുമൊക്കെ ആയിരിക്കും. കുഴപ്പമുണ്ടാക്കിയവരാകട്ടെ കൂളായി വണ്ടിയോടിച്ചു പോവുകയും ചെയ്യും. ഇങ്ങനെയൊരു കുഴപ്പക്കാരന്‍ ചൈനീസ് ഡ്രൈവറുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ചൈനയിലെ തിരക്കേറിയ ദേശീയപാതയിലാണ് സംഭവം. ഹൈവേയിലൂടെ വേഗത്തിൽ പോകുകയായിരുന്നു വെളുത്ത കാര്‍. ഒരു ജംഗ്ഷനും പിന്നിട്ട് കാര്‍ കുതിക്കുന്നു. എന്നാല്‍ കുറച്ചു മുന്നോട്ടോടി കഴിഞ്ഞപ്പോഴാണ് തിരിയേണ്ട സ്ഥലം കഴിഞ്ഞു എന്ന് ഡ്രൈവര്‍ മനസിലാക്കുന്നത്. വഴി മാറിപ്പോയെന്ന് തിരിച്ചറിഞ്ഞ അയാള്‍ സ്പീഡ് ട്രാക്കിന്റെ ഒത്ത നടുവില്‍ത്തന്നെ കാര്‍ നിര്‍ത്തുകയായിരുന്നു.

ഇതേസമയം ഒരു കൂറ്റന്‍ ട്രക്കും ബസും അതിവേഗതയില്‍ പിന്നാലെ വരുന്നതും വീഡിയോയില്‍ കാണാം. കാര്‍ വഴിയുടെ നടുവില്‍ നിര്‍ത്തിയതോടെ പിന്നാലെ വന്ന ട്രക്ക് കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ടു മറിഞ്ഞു. മറുവശത്തുകൂടി കടന്നുപോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കഴിഞ്ഞില്ല. ഒന്നും ശ്രദ്ധിക്കാതെ കാര്‍ മെല്ലെ വലതുവശത്തെ റോഡിലേക്ക് തിരിഞ്ഞു. അതോടെ പിന്നാലെ വന്ന മറ്റൊരു ട്രക്കിനും നിയന്ത്രണം വിട്ടു. എങ്കലും ഡ്രൈവർക്ക് വാഹനം ഒരു തരത്തിൽ നിർത്താൻ സാധിച്ചു. സംഭവത്തിലെ ഏറെ കൗതുകം ജനിപ്പിക്കുന്ന രംഗമാണ് അടുത്തത്.  ഈ കുഴപ്പമൊക്കെയും ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത രീതിയില്‍ വണ്ടിയോടിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.

ഹൈവേയിലെ ട്രാഫിക് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ ചൈനയിലെ പ്രാദേശിക പത്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഏപ്രില്‍ പത്തിന് ഫെയ്‌സ് ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടകം രണ്ടുലക്ഷം ആളുകളാണ് കണ്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർ എന്നാണ് സോഷ്യല്‍മീഡിയ ഒറ്റക്കെട്ടായി ഈ മഹാനെ വിശേഷിപ്പിക്കുന്നത്.

 

 

loader