ദില്ലി: സ്വന്തം കാര്‍ ആരെങ്കിലും മോഷ്ടിക്കാറുണ്ടോ? ഇല്ലെന്ന് പറയാന്‍ വരട്ടെ. ചില സമയങ്ങളില്‍ സ്വന്തം കാര്‍ മോഷ്ടിക്കുന്നവരുമുണ്ട്. സ്വന്തം കാറ് മോഷ്ടിച്ച ഒരാള്‍ക്കായി ചണ്ഡീഗഡ് പൊലീസ് അന്വേഷണത്തിലാണ്. ചണ്ഡീഗഡിലെ ഫത്തേഗര്‍ സാഹിബിലെ താമസക്കാരനായ ബാല്‍ജോട്ട് സിംഗാണ് സ്വന്തം കാറ് മോഷ്ടിച്ചത്.
ചണ്ഡീഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജസ്‍മോഹിന്ദര്‍ സിംഗാണ് ബാല്‍ജോട്ട് സിംഗിനെതിരെ പരാതി നല്‍കിയത്. മദ്യപിച്ച് വാഹനം ഒടിച്ചതിന് നാകയില്‍ നിന്ന് ബാല്‍ജോട്ടിനെ പൊലീസ് ബുധനാഴ്ച പിടികൂടുകയായിരുന്നു. ഇയാളുടെ കൂടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു. മദ്യപിച്ചെന്ന് വ്യക്തമായതോടെ ഇയാളുടെ ഹോണ്ടാ സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ വാഹനം റീസ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വാഹനം ലോക്ക് ചെയ്ത് പൊലീസുകാരന്‍ മറ്റൊരു വാന്‍ വിളിക്കാനായി പോയി.
ഈ സമയത്ത് കയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വാഹനവുമായി രക്ഷപെടുകയായിരുന്നു ഉടമ. വാഹനത്തിന്‍റെ നമ്പര്‍ രജിസ്ട്രര്‍ ചെയ്ത വിലാസത്തില്‍ പൊലീസ് പിന്തുടര്‍ന്ന് എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടുവര്‍ഷം മുമ്പ് മറ്റൊരാളില്‍ നിന്നാണ് ഹോണ്ടാ സിറ്റി ബാല്‍ജോട്ട് സ്വന്തമാക്കിയത്. വാഹനം രജിസ്ട്രര്‍ ചെയ്തിരുന്നത് ഇയാളുടെ പേരിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്.ബാല്‍ജോട്ട് സിംഗിനായി പൊലീസ് അന്വേഷണത്തിലാണ്.
