ഗീത. വാഴച്ചാല്‍ ട്രൈബല്‍ സെറ്റില്‍മെന്‍റിന്‍റെ ഊരുമൂപ്പത്തി. കേരളത്തിലെ ആദ്യ ആദിവാസി മൂപ്പത്തി. ചാലക്കുടിപ്പുഴയുടെ മുഖ്യസംരക്ഷക. കാടര്‍സമുദായത്തിന്‍റെ സമരനായിക. ജനിച്ചതും വളര്‍ന്നതും അതിരപ്പള്ളിയില്‍. അമ്മ അംഗന്‍വാടി ഹെല്‍പ്പര്‍. അച്ഛന്‍ സ്കൂളിലെ പാചകക്കാരന്‍. പരിയാരം, എടത്തുരുത്തി, പീച്ചി, വെറ്റിലപ്പാറ സ്കൂളുകളില്‍ പഠനം. എസ്‍ടി പ്രമോട്ടറായി 15ആം വയസില്‍ ജോലിയില്‍. മൂന്നു വര്‍ഷം ഈ ജോലി നോക്കി. 1999 മുതല്‍ അംഗന്‍വാടി പ്രവര്‍ത്തക.

കാടര്‍ സമുദായത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെട്ട് തുടങ്ങുന്നത് 1996 കാലത്ത്. അതിരപ്പള്ളിയെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്തയാണ് പ്രചോദനം. കാരാന്തോട്, മുക്കംപുഴ ഭാഗങ്ങളില്‍ കുടില്‍ കെട്ടി താമസിച്ചിരുന്ന സമുദായം. മീന്‍പിടിച്ചും, തേന്‍ശേഖരിച്ചും ജീവിച്ച ജനത. വികസനസങ്കല്‍പ്പങ്ങള്‍ക്കു പുറത്തു നില്‍ക്കുന്നവര്‍. അരികുചേര്‍ക്കപ്പെട്ട ഈ ജനസമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ചിന്തിച്ചു തുടങ്ങി. അതിരപ്പള്ളി പദ്ധതി ഒരു വലിയ വാര്‍ത്തായി മാറുന്നത് ഇക്കാലത്താണ്. അങ്ങനെ തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ ഗീത, അതിരപ്പള്ളി വിഷയമുയര്‍ത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വാഴച്ചാല്‍ വന സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തക.