ബിഗ് ബോസിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് അര്‍ച്ചനാ സുശീലന്‍. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം മതി അര്‍ച്ചനയെന്ന കലാകാരിയുടെ അഭിനയപാടവം മനസ്സിലാക്കാന്‍. വളരെ ചെറുപ്പത്തില്‍ത്തന്നെ അഭിനയരംഗത്തെത്തിയ അര്‍ച്ചന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാകല്ല്യാണം എന്ന പരമ്പരയിലൂടെ ഇപ്പോഴും മലയാളികളുടെ സ്വീകരണ മുറിയില്‍ തന്നെയുണ്ട്. ഏഷ്യാനെറ്റിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഷോ സീസണ്‍ ഒന്നിന്റെ ഓര്‍മ്മകള്‍ അര്‍ച്ചന പങ്കുവയ്ക്കുകയാണ്.

ബിഗ്‌ബോസിലൂടെ തനിക്ക് ഒരു ചേട്ടനേയും ചേച്ചിയേയും കിട്ടിയെന്നും, അത് സാബുവും രഞ്ജിനിയുമാണെന്ന് അര്‍ച്ചന പറയുന്നു. ബിഗ്‌ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ അടി നടന്നത് ഭക്ഷണത്തിനായാണെന്നും, താന്‍ അവിടെ ഏറ്റവും സമയം ചിലവഴിച്ചതും ഭക്ഷണത്തിനും മേക്കപ്പിനും വേണ്ടിയാണെന്നും അര്‍ച്ചന ഓര്‍ത്തെടുക്കുന്നു. പരമ്പരകളിലൂടെ തന്നെ ഒരു വില്ലത്തി എന്ന നിലയില്‍ മാത്രമാണ് എല്ലാവരും കണ്ടെതെന്നും, എന്നാല്‍ അതിനൊരുമാറ്റം വരുത്തിയതും, ശരിക്കുമുള്ള തന്നെ എല്ലാവര്‍ക്കും മനസ്സിലായതും ബിഗ്‌ബോസ് ഷോയിലൂടെയാണെന്നും അര്‍ച്ചന പറയുന്നുണ്ട്.

അര്‍ച്ചനയുടെ വാക്കുകള്‍ - ''കഴിഞ്ഞ വര്‍ഷം ഇതേസമയം ബിഗ്‌ബോസ് ഒന്നാം സീസണ്‍ കഴിഞ്ഞിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ ഞാന്‍ ഏറ്റവും സമയം ചിലവഴിച്ചത് മേക്കപ്പിനും പിന്നെ കുക്കിംഗിനുമായിരുന്നു. ആ വീട്ടില്‍ ഏറ്റവും വഴക്ക് നടന്നതും ഫുഡ്ഡിന്റെ കാര്യത്തിലായിരുന്നു. ഏകദേശം പതിനഞ്ച് വര്‍ഷമായി നിങ്ങള്‍ എന്റെ അഭിനയം കണ്ടുതുടങ്ങിയിട്ട്, പക്ഷെ ബിഗ്‌ബോസ് വീട്ടില്‍ അഭിനയം ഇല്ലായാരുന്നു, ശരിക്കും ജീവിക്കുകയായിരുന്നു. 

ബിഗ്‌ബോസിലൂടെ എനിക്ക് നല്ലൊരു ചേച്ചിയേയും ചേട്ടനേയും കിട്ടി. സാബുചേട്ടനും രഞ്ജിനി ചേച്ചിയും. എന്റെ സീരിയല്‍ കഥാപാത്രങ്ങള്‍ കണ്ട് എല്ലാ പ്രേക്ഷകരും കരുതിയിരുന്നത് ഞാനൊരു ദുഷ്ടത്തിയാണെന്നാണ്. എന്നാല്‍ ബിഗ്‌ബോസിലൂടെ ആ ഇമേജ് മുഴുവനായങ്ങ് മാറിക്കിട്ടി.'' ബിഗ്‌ബോസിന് നന്ദിയും പറഞ്ഞാണ് അര്‍ച്ചനയുടെ വീഡിയോ അവസാനിക്കുന്നത്.