ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. താന്‍ ഒറ്റയ്ക്കും മറ്റുള്ളവര്‍ ഒറ്റക്കെട്ടാണെന്നുമുള്ള തരത്തിലാണ് രജിത് ആദ്യം മുതലേ പറയുന്നത്. രജിത്തുമായി പല മത്സരാര്‍ഥികളും വലിയ തര്‍ക്കങ്ങളിലേക്കും അസ്വാരസ്യങ്ങളിലേക്കും പോയിട്ടുമുണ്ട്. എന്നാല്‍ ഷോ ആറ് ആഴ്ചകള്‍ പിന്നിടുമ്പോള്‍, പ്രത്യേകിച്ചും ഈ അടുത്ത ദിവസങ്ങളില്‍ രജിത്തിനോടുള്ള പലരുടെയും മനോഭാവം മാറിവരുന്നുണ്ട്. അത് ഏറ്റവുമധികം ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ആര്യയാണ്. വീക്ക്‌ലി ടാസ്‌കില്‍ പവനുമായി ചേര്‍ന്ന് അനീതി കാട്ടിയെന്ന് വിലയിരുത്തി, രജിത് കുമാറിനെ ബിഗ് ബോസ് ഹൗസിലെ ജയിലില്‍ ഇടണമെന്ന് പ്ലാന്‍ ചെയ്ത ഗ്രൂപ്പിലെ പ്രധാന അംഗമായിരുന്നു ആര്യ എന്നാല്‍ ജയില്‍ശിക്ഷയുടെ സമയം വന്നപ്പോഴേക്ക് ആര്യയ്ക്ക് മനംമാറ്റമുണ്ടാവുകയും രജിത്തിന് പകരം ജയിലില്‍ പോവുകയും ചെയ്തു. ഇപ്പോഴിതാ ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയില്‍ രജിത്തിനെക്കുറിച്ച് തനിക്കുള്ള മതിപ്പുകളെക്കുറിച്ച് ജസ്ലയോട് സംസാരിക്കുകയാണ് ആര്യ.

രജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിട്ടുള്ള ആളല്ലെന്ന് ആര്യ പറയുമ്പോള്‍ പക്ഷേ അദ്ദേഹത്തിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്ന് ജസ്ലയുടെ പ്രതികരണം. 'സ്റ്റുഡന്റ്‌സ് പുള്ളിയെ മാഷ് എന്ന ലെവലില്‍ മാത്രമേ കാണുന്നുള്ളൂ. അദ്ദേഹം ഭയങ്കര നല്ലതാ. ഇല്ലാന്ന് ഞാന്‍ ഒരിക്കലും പറയില്ല', ആര്യയുടെ വാക്കുകള്‍. ഒരു അധ്യാപകന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഓകെ ആണെങ്കിലും ഒരു കുടുംബത്തിനുള്ളിലേക്ക് വരുമ്പോഴാണ് പ്രശ്‌നം ഉണ്ടാവുന്നതെന്നും രജിത്തിനെക്കുറിച്ചുള്ള ജസ്ലയുടെ വിലയിരുത്തല്‍. 

 

എന്തുകൊണ്ടാവാം രജിത് ബിഗ് ബോസ് ഹൗസില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ആര്യയുടെ വിലയിരുത്തല്‍ ഇങ്ങനെ.. 'ഇതുപോലെ ഒരു സാഹചര്യത്തില്‍ അദ്ദേഹം ഇതിനുമുന്‍പ് വന്നിട്ടില്ല. അദ്ദേഹം ഇതിനെ ഗെയിം മാത്രമായിട്ടേ കാണുന്നുള്ളൂ. ഞാന്‍ മനസിലാക്കിയത് അതാണ്. നമ്മള്‍ അങ്ങോട്ട് അടുക്കാന്‍ ചെന്നാല്‍ക്കൂടിയും അദ്ദേഹം തയ്യാറല്ല. അതിന് രണ്ട് കാരണങ്ങള്‍ ഉണ്ടാവാം. ഒന്ന് പേടി. അടുക്കുന്നത് ഗെയിമിന്റെ ഭാഗമായി കളിക്കുന്നതാണോ എന്ന പേടി. രണ്ട് അദ്ദേഹത്തിനുതന്നെ പേടി, ഇമോഷണലി അറ്റാച്ച്ഡ് ആയിക്കഴിഞ്ഞാല്‍ ഈ ഗെയിം വേണ്ടതുപോലെ കളിക്കാന്‍ പറ്റില്ല എന്നാണ്. അങ്ങനെ രണ്ട് സാധ്യതകള്‍ ഉണ്ട്', ആര്യ പറയുന്നു.