സബിന്‍ എന്ന സുഹൃത്തിന് ഇഷ്ടമുള്ള കുട്ടിയായിരുന്നു അതെന്നും എന്നാല്‍ അവന്‍ ഇക്കാര്യം സ്ഥിരം പറയാന്‍ തുടങ്ങിയതോടെ താനും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ഫുക്രു. 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് ഫുക്രു എന്ന കൃഷ്ണജീവ്. രണ്ടാംദിന എപ്പിസോഡില്‍ തന്റെ പ്രണയാനുഭവം തുറന്നുപറയുന്ന ഫുക്രു രസകരമായ കാഴ്ചയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്നസമയത്ത് തന്നേക്കാള്‍ ഇളയ, എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയോട് തോന്നിയ പ്രണയത്തെക്കുറിച്ചായിരുന്നു ഫുക്രുവിന്റെ വിവരണം.

സബിന്‍ എന്ന സുഹൃത്തിന് ഇഷ്ടമുള്ള കുട്ടിയായിരുന്നു അതെന്നും എന്നാല്‍ അവന്‍ ഇക്കാര്യം സ്ഥിരം പറയാന്‍ തുടങ്ങിയതോടെ താനും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ഫുക്രു. 'അവള്‍ നോക്കുമ്പൊ ഞാന്‍ ചിരിക്കും. പുറകെ നടക്കുകയാണെന്ന് പതിയെ അവള്‍ക്ക് മനസിലായിത്തുടങ്ങി. ഒരു ദിവസം അവള്‍ ചുരിദാര്‍ ധരിച്ച രീതി ഇഷ്ടപ്പെടാതിരുന്നത് നേരിട്ടു പറഞ്ഞു. അവള്‍ക്ക് അത് ഫീല്‍ ആയി. ചെറിയ 'സ്പാര്‍ക്ക്' ആയി. പക്ഷേ അപ്പോഴേക്ക് സ്‌കൂള്‍ പൂട്ടാറായിരുന്നു. ഒരു ഫെബ്രുവരി 14നാണ് (വാലന്റൈന്‍സ് ഡേ) അവള്‍ എന്നോടുള്ള ഇഷ്ടം പറഞ്ഞത്', ഫുക്രു പറയുന്നു.

സ്‌കൂള്‍ പൂട്ടി വീട്ടില്‍ നിന്ന സമയത്ത് ഒരുദിവസം സിം കാര്‍ഡ് സംഘടിപ്പിച്ച് തരാമോ എന്ന് ചോദിച്ച് കുട്ടിയുടെ മെസേജ് വന്നെന്നും ഫുക്രു പറയുന്നു. 'അതുപ്രകാരം കൂട്ടുകാരനെക്കൊണ്ട് സിം എടുപ്പിച്ചു. സിം വീട്ടില്‍ കൊണ്ടുതന്നാല്‍ മതിയെന്നാണ് പറഞ്ഞത്. ബൈക്ക് ഒരു കി.മീ. അപ്പുറത്ത് വച്ചിട്ട് ഞാനും കൂട്ടുകാരനും നടന്ന് അവളുടെ വീട്ടിലെത്തി. ജനലിനടുത്ത് ചെന്നു. അപ്പോള്‍ ഒരു മുതിര്‍ന്ന ശബ്ദം കേട്ടു. നിന്നെയാ ഞാന്‍ കാത്തിരുന്നതെന്ന്. അത് അവളുടെ അമ്മയായിരുന്നു. ഞങ്ങള്‍ രണ്ടുവഴിക്ക് ജീവനും കൊണ്ടോടി', മറ്റ് ബിഗ് ബോസ് അംഗങ്ങളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ഫുക്രു പറഞ്ഞുനിര്‍ത്തി. സിമ്മുമായി വരാന്‍ മെസേജ് അയച്ചത് കുട്ടിയുടെ അമ്മയായിരുന്നെന്നും ഫുക്രു ആരോ ചോദിച്ചപ്പോള്‍ പറഞ്ഞു. എന്നാല്‍ ആ പ്രണയം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നും.