ബിഗ് ബോസ് വീട്ടിലെ സൗഹൃദങ്ങളും പ്രണയങ്ങളും തല്ലുകൂടലും എല്ലാം തകര്‍ത്തുകൊണ്ടാണ് ബിഗ് ബോസ് വീട്ടില്‍ കണ്ണുരോഗത്തിന്‍റെ കടന്നുവരവ്. പ്രണയവാതില്‍ തുറന്ന് നടന്നു തുടങ്ങിയ അലസാന്‍ഡ്രയും സുജോയും പോയി. വലിയ ഗ്രൂപ്പുകള്‍ രൂപപ്പെട്ട് വരുന്നതിനിടയില്‍ രഘുവും പോയി. അങ്ങനെ പ്രദീപുമായി ഒരു ലവ് ട്രാക്ക് പിടിച്ചുവന്ന രേഷ്മയും കണ്ണുരോഗം മൂലം പുറത്തേക്ക് പോയി. ഇടയ്ക്ക് പ്രദീപിനെതിരെ വല്ലതുമൊക്കെ പറഞ്ഞുകൊണ്ടിരുന്ന ദയയും പുറത്തുപോയി. ഇതിനെല്ലാം പുറത്ത് ഫുക്രുവുമായി രസകരമായ സൗഹൃദം തുടരുന്നതിനിടയില്‍ എലീനയും പുറത്തേക്ക്. ദയയും എലീനയും ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ എത്തിയിട്ടില്ല. 

കുറച്ചുനാളുകള്‍ കൊണ്ടു തന്നെ ബിഗ് ബോസ് വീട്ടില്‍ ആളുകളുടെ മനസിലേക്ക് ചേക്കേറാന്‍ എലീനയ്ക്ക് സാധിച്ചു. പ്രത്യേകിച്ച്  ഫുക്രുവുമായുള്ള നല്ല സൗഹൃദം. അങ്ങനെ ഇരുക്കുന്നതിനിടയിലായിരുന്നു എലീന പുറത്തേക്ക് പോയത്. വലിയ സങ്കടത്തിലായിരുന്നു ഫുക്രു. അന്നത്തെ സംഭാഷണങ്ങളും എപ്പോഴും കലിപ്പിലിരുന്ന ഫുക്രു പലപ്പോഴും ശാന്തനായി കണ്ട ചില സമയമായിരുന്നു അത്. ഇപ്പോഴിതാ കുറഞ്ഞ ദിവസം കൊണ്ട് മാനസികമായി അടുത്തുപോയ എലീനയെ ഓര്‍ത്ത്  മഞ്ജു കത്തെഴുതുകയാണ്.

'എലീനാ..., നീ വരുന്നതും നോക്കിയിരിക്കുകയായിരുന്നു ഇവിടെ എല്ലാവരും. പ്രത്യേകിച്ച് നമ്മുടെ ഫുക്രു. എനിക്കും കുഞ്ഞിനെ കാണാന്‍ തോന്നുന്നുണ്ട്. അച്ചായി എന്നുള്ള വിളി കേള്‍ക്കാന്‍, മഞ്ജു അമ്മേ... എന്നുള്ള വിളി കേള്‍ക്കാന്‍.....' എന്നുവരെ എഴുതിയ മഞ്ജു പെട്ടിക്കരഞ്ഞുകൊണ്ട് കത്ത് ചുരുട്ടി കയ്യില്‍ പിടിക്കുന്നതാണ് ദൃശ്യങ്ങളില്‍. ബിബി അണ്‍കട്ട് വീഡിയോയിലാണ് വൈകാരിക രംഗങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എലീനയും ദയയും വരും ദിവസങ്ങളില്‍ വീട്ടിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു കഴിഞ്ഞ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്.