ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ അന്‍പതാം എപ്പിസോഡ് ആണ് നാളെ. സീസണ്‍ രണ്ടില്‍ ഇതുവരെയുള്ള ഏഴ് ആഴ്ചകള്‍ക്കിടയില്‍ ഹൗസിലെ മത്സരാര്‍ഥികള്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. ആദ്യം സുഹൃത്തുക്കളായിരുന്നവര്‍ പിന്നീട് ശത്രുക്കളാവുകയും വീണ്ടും സുഹൃത്തുക്കളാവുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. അപൂര്‍വ്വം ചിലര്‍ക്കിടയിലുള്ള ബന്ധങ്ങള്‍, അത് സൗഹൃദമായാലും ശത്രുതയായാലും മാറാതെ ഇരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ബന്ധങ്ങളില്‍ അടിയ്ക്കടി ഉണ്ടാവുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ രസകരമാക്കുന്ന ഒരു പ്രധാന ഘടകം. ഇത്തരത്തിലുള്ള അടുപ്പങ്ങളില്‍ ഒന്നാണ് രജിത് കുമാറിനും ഫുക്രുവിനും ഇടയില്‍ ഉള്ളത്. ആദ്യ ആഴ്ചകളില്‍ ഫുക്രുവും രജിത്തും തമ്മില്‍ മിക്കപ്പോഴും അടുപ്പത്തോടെ സംസാരിച്ചിരുന്നുവെങ്കില്‍ പിന്നീട് അത് അസ്വാരസ്യങ്ങള്‍ക്ക് വഴിമാറി. എന്നാല്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് ജയില്‍ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നതോടെ അവര്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. പുതിയൊരു സൗഹൃദം മുളപൊട്ടിയെന്ന് പ്രേക്ഷകരില്‍ തോന്നലും ഉണ്ടാവുന്നു. ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ ആദ്യം കൗതുകത്തോടെ സംസാരിച്ച ഒരു കാര്യവും ഇതുതന്നെ ആയിരുന്നു.

 

ജയിലില്‍ കിടന്നിട്ട് എങ്ങനെ ഉണ്ടായിരുന്നുവെന്ന് രജിത്തിനോടാണ് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത്. വളരെ നന്നായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ഫുക്രുവിനോടും മോഹന്‍ലാല്‍ ഇതേ ചോദ്യം ചോദിച്ചു. അടിപൊളി ആണെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. രജിത്തുമായി കുറച്ചുകൂടി അടുക്കാന്‍ പറ്റിയെന്നും ഫുക്രു പറഞ്ഞു. 'പുള്ളിയുടെകൂടെ കുറച്ചൂടെ ക്ലോസ് ആവാന്‍ പറ്റി. പുള്ളിയുടെ മനസ് വായിക്കാന്‍ പറ്റി', ഫുക്രുവിന്റെ വാക്കുകള്‍. അത്ര എളുപ്പം വായിക്കാന്‍ പറ്റിയ മനസാണോ രജിത്തിന്റേതെന്ന് മോഹന്‍ലാലിന്റെ മറുചോദ്യം. ഇപ്പോള്‍ കുറച്ചൊക്കെ മനസിലായെന്ന് ഫുക്രുവിന്റെ മറുപടി. 

രണ്ട് പേരുംകൂടി ജയിലില്‍ കിടന്നുള്ള സ്‌നേഹം പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏറ്റവും വലിയ കള്ളന്മാര്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് ജയിലില്‍ കിടന്നാണെന്ന് മോഹന്‍ലാലിന്റെ തമാശ. എല്‍ഇഡി ടിവിയ്ക്ക് മുന്നിലുള്ള സോഫയില്‍ ഫുക്രുവും രജിത്തും അകലെയാണ് ഇരുന്നിരുന്നത്. ജയിലില്‍വച്ച് മാത്രമേ സ്‌നേഹമുള്ളോ എന്ന് ചോദിച്ച് ഫുക്രുവിനോട് രജിത്തിന്റെ അടുത്ത് പോയി ഇരിക്കാനും മോഹന്‍ലാല്‍ പറഞ്ഞു. ഫുക്രു അത് അനുസരിക്കുകയും ചെയ്തു.