ബിഗ് ബോസ് സീസണ്‍ രണ്ട് അമ്പത് ദിവസം പിന്നിട്ടപ്പോള്‍ നിരവധി സര്‍പ്രൈസുകളുമായാണ്  മോഹന്‍ലാല്‍ എത്തിയത്. ആദ്യത്തേത് കണ്ണിന് അസുഖം ബാധിച്ച് പുറത്തുപോയ മൂന്നുപേര്‍ വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കും ഇനി വരാനിരിക്കുന്നവര്‍ക്കും അമ്പതാം ദിവസം ആഘോഷമാക്കാന്‍ ഒരു കേക്കും ബിഗ് ബോസ് ഒരുക്കിയിരുന്നു.

പിന്നാലെ അമ്പതാം ദിവസത്തിന‍്റെ പെര്‍ഫോമന്‍സുമായി എത്തിയത്. ഏവരുടെയും പ്രിയങ്കരിയായ ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷുമായിരുന്നു. അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബന്‍ഡിന്‍റെ പെര്‍ഫോര്‍മന്‍സുമായിട്ടായിരുന്നു ഇരുവരും എത്തിയത്. പിന്നാലെ ഇരുവരോടും ബിഗ് ബോസ് വീട്ടില്‍ പെര്‍ഫോം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. പ്രത്യേക ഗിഫ്റ്റ് അയക്കുന്നുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ വീട്ടിലെ മത്സരാര്‍ത്ഥികളോട് പറഞ്ഞത്. താല്‍പര്യമുണ്ടെന്ന് ഇരുവരും പറഞ്ഞതിന് പിന്നാലെ അമൃതയും അഭിരാമിയും ഗിത്താറിസ്റ്റ് അനൂപും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു.

പാട്ടുപാടക്കൊണ്ടായിരുന്നു ഇരുവരും വീട്ടിലേക്ക് കടന്നത്. വീട്ടിലുള്ള മത്സരാര്‍ത്ഥികളെല്ലാം പാട്ടിന് കൂട്ടുകൂടി.കുട്ടനാടന്‍ പുഞ്ചയിലെ എന്ന ഗാനവുമായിട്ടായിരുന്നു ഇരുവരും വീട്ടിലേക്ക് എത്തിയത്. വീടിനുള്ളിലേക്ക് ക്ഷണിച്ച മത്സരാര്‍ത്ഥികളോട് പാടാന്‍ വന്നവര്‍ക്ക് ഉള്ളിലേക്ക് കയറാമോയെന്ന് അഭിരാമി ചോദിക്കുന്നുണ്ടായിരുന്നു. പിന്നാലെ എല്ലാവരോടും ലിവിങ് റൂമിലിരിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. 

ലിവിങ് റൂമിലിരുന്നപ്പോഴായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനമെത്തിയത്. ബിഗ് ബോസ് വീട്ടിലെത്തിയ പുതിയ അതിഥികള്‍ക്ക് സ്വാഗതം എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. അതോടെ മത്സരാര്‍ത്ഥികളായാണ് അമൃതയും അഭിരാമിയും എത്തിയതെന്ന് മറ്റു മത്സരാര്‍ത്ഥികള്‍ മനസിലാക്കി. എന്നാല്‍ കൂടെ വന്ന ഗിത്താറിസ്റ്റ് അനൂപ് തിരികെ പോയപ്പോള്‍ നല്ല മനുഷ്യര് വന്ന് പോയല്ലോ എന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടുപേരും നേരത്തെ വീട്ടിലുണ്ടായിരുന്ന മൂന്നുപേരും കൂടി എത്തിയതോടെ വീട്ടില്‍ 12 പേരായി.