ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍  ഡൊമിനർ 400ന്‍റെ പുതിയ മോഡല്‍ വിപണിയിലെത്തി. ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാന(എ ബി എസ്)ത്തോടെ എത്തുന്ന 2019 ഡൊമിനറിന് 1.74 ലക്ഷം രൂപയാണ് ദില്ലി എക്സ് ഷോറൂം വില.

ചുരുങ്ങിയ സമയത്തിനകം ദീർഘദൂര വിനോദ സഞ്ചാരികൾക്കൊപ്പം നഗരവാസികൾക്കിടയിലും മികച്ച സ്വീകാര്യത കൈവരിക്കാൻ ഡൊമിനർ 400 ബൈക്കിനു സാധിച്ചതായി വാഹനം അവതരിപ്പിച്ചുകൊണ്ട് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ്(മോട്ടോർ സൈക്കിൾസ്) സാരംഗ് കനഡെ അഭിപ്രായപ്പെട്ടു. 

ബൈക്കിന്‍റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളോടെയുമാണ് പുതിയ ഡൊമിനര്‍ എത്തുന്നത്. മുന്‍ മോഡലിനെക്കാള്‍ 11000 രൂപ അധികമാണ് പുതിയ ഡൊമിനറിന്‌.

മുമ്പുണ്ടായിരുന്ന SOHC എന്‍ജിന് പകരം DOHC എന്‍ജിനായിരിക്കും പുതിയ ഡൊമിനറിന്‍റെ ഹൃദയം. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്‍ജിന്‍ തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്‍റെ എന്‍ജിന്‍ ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു.  പുതിയ ഡൊമിനറില്‍ 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്ക് ലഭിക്കും. നേരത്തെ 6500 ആര്‍പിഎമ്മിലായിരുന്നു ഇത്രയും ടോര്‍ഖ് ലഭിച്ചിരുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്സ് തന്നെയാണ് ട്രാന്‍സ്‍മിഷന്‍.

8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത 175 കിലോമീറ്ററാണ്. ഇരട്ട ചാനല്‍ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സുരക്ഷയൊരുക്കും. 

അതേസമയം ബൈക്കിന്‍റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന്‌ 836 ആയി ഉയര്‍ന്നു.  വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്‍റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമായിരിക്കും ബൈക്കിന്‍റെ ആകെ ഭാരം. 

ഇന്‍സ്ട്രൂമെന്റ് ക്ലസ്റ്ററില്‍ നിരവധി മാറ്റങ്ങളുണ്ടാകും. ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഡൊമിനറിനെ സ്‌പോര്‍ട്ടിയാക്കും. നിലവില്‍ വിവിധ ബജാജ് ഡീലര്‍ഷിപ്പുകള്‍ പുതിയ ഡൊമിനറിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ എന്നിവയാണ് നിരത്തില്‍ ഡോമിനാറിന്റെ മുഖ്യ എതിരാളികള്‍.

2016 ഡിസംബറിലാണ് ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്. പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.