ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ എംവി അഗസ്റ്റയുടെ F3 800 മോഡൽ അടുത്ത വർഷം തുടക്കത്തിൽ വിപണിയില്‍ എത്തിയേക്കും. കമ്പനിയുടെ സിഇഒ തിമൂർ സർദാരോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മോഡിന്റെ അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.

രാജ്യത്തെ ഏറ്റവും മികച്ച സൂപ്പർ സ്‌പോർട്ട് മോഡലുകളിൽ ഒന്നാണ് അഗസ്റ്റയുടെ F3 800. എംവി അഗസ്റ്റ ഇന്ത്യൻ വിപണിയിൽ കുറച്ചുകാലമായി പ്രചാരത്തിലുള്ള പ്രീമിയം സൂപ്പർ ബൈക്ക് ബ്രാൻഡാണ്. അതുപോലെതന്നെ കമ്പനിയുടെ നിരയിൽ നിന്നും ദീർഘകാലമായി വിൽപ്പനയ്ക്ക് എത്തുന്ന മോഡലുമാണ് F3 800.

ഫുൾ-കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയ ഫീച്ചറുകൾ 2021 എംവി അഗസ്റ്റയുടെ സൂപ്പർസ്‌പോർട്ട് ബൈക്കിൽ ഇടംപിടിച്ചേക്കും.  കോർണറിംഗ് എബിഎസ്, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ഐഎംയു, സ്വിച്ചുചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ, ഒരുപക്ഷേ ടു-വേ ക്വിക്ക് ഷിഫ്റ്റർ തുങ്ങിയവും പ്രധാന ആകർഷണങ്ങൾ ആയിരിക്കും.

നിലവിലെ എംവി അഗസ്റ്റ F3 800-ന് കരുത്തേകുന്നത് 798 സിസി ത്രീ സിലിണ്ടർ എഞ്ചിനാണ്. 13,000 ആര്‍പിഎമ്മിൽ 150 ബിഎച്ച്പി പവറും 10,500 ആര്‍പിഎമ്മിൽ 88 എന്‍എം ടോർക്കും ആണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.