സെലിയോ ഇ മൊബിലിറ്റി അവരുടെ ഈവ ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കി. 120 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ സ്കൂട്ടറിന് മണിക്കൂറിൽ 25 കിലോമീറ്റർ പരമാവധി വേഗതയുണ്ട്. 

ന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ ഡിമാൻഡ് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിരവധി കമ്പനികൾ വിവിധ തരത്തിലുള്ള ഇലക്ട്രിക് സ്‍കൂട്ടറുകൾ ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കുന്നുണ്ട്. ഇലകട്രിക് ടൂവീലർ ബ്രാൻഡായ സെലിയോ ഇ മൊബിലിറ്റി ഈവ ഇലക്ട്രിക് സ്‍കൂട്ടറിന്റെ പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് അടുത്തിടെയാണ് പുറത്തിറക്കിയത്. ഈ അപ്‌ഡേറ്റോടെ, ഈ ഇലക്ട്രിക് സ്‍കൂട്ടറിന്റെ പ്രകടനം മുമ്പത്തേക്കാൾ മികച്ചതായി. ഈ സ്‍കൂട്ടറിനെപ്പറ്റി അറിയാം.

മൂന്ന് മോഡലുകളിൽ ആണ് ഈവ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കിയത്. സ്‍കൂട്ടറിന്റെ ഏറ്റവും പ്രത്യേകത, അതിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ് എന്നതാണ്. നിങ്ങൾ ഒരിക്കൽ ചാർജ് ചെയ്താൽ 120 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല. അതുകൊണ്ട് ഈ സ്‍കൂട്ടർ ഓടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല.

ലിഥിയം-അയൺ, ജെൽ എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് സെലിയോ ഈവ വരുന്നത്. ലിഥിയം-അയൺ ബാറ്ററി ഉപയോഗിച്ച്, നിങ്ങൾക്ക് 60V/30AH അല്ലെങ്കിൽ 74V/32AH സജ്ജീകരണം തിരഞ്ഞെടുക്കാം. 60V/30AH ഓപ്ഷൻ ഒറ്റ ചാർജിൽ 90 മുതൽ 100 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കും, അതേസമയം 74V/32AH പതിപ്പിന് 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 

വിലയെക്കുറിച്ച് പറയുകയാണെങ്കിൽ 60V/30AH കോൺഫിഗറേഷന് 64,000 രൂപയും 74V/32AH സജ്ജീകരണത്തിന് 69,000 രൂപയുമാണ് വില. ജെൽ ബാറ്ററിക്ക് രണ്ട് കോൺഫിഗറേഷനുകളും ഉണ്ട്. 60V/32AH, 72V/42AH എന്നിവ. 60V/32AH ഒറ്റ ചാർജിൽ 80 കിലോമീറ്റർ സഞ്ചരിക്കും. 72V/42AH 100 കിലോമീറ്റർ സഞ്ചരിക്കും. 60V/32AH വേരിയന്റിന് 50,000 രൂപയും 72V/42AH വേരിയന്റിന് 54,000 രൂപയുമാണ് വില. എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്. ബാറ്ററി തരം അനുസരിച്ച് ചാർജിംഗ് ദൈർഘ്യം വ്യത്യാസപ്പെടുന്നു. ലിഥിയം-അയൺ മോഡലുകൾക്ക് നാല് മണിക്കൂർ ആവശ്യമാണ്. അതേസമയം ജെൽ വേരിയന്റുകൾ പൂർണ്ണമായി ചാർജ് ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ എടുക്കും.

ഈ ഇലക്ട്രിക് സ്കൂട്ടറിന് 150 എംഎം ഗ്രൗണ്ട് ക്ലിയറൻസും, മൊത്തം ഭാരം 85 കിലോഗ്രാം, 150 കിലോഗ്രാം കർബ് ഭാരവുമുണ്ട്. ഇരുവശത്തും ഡ്രം ബ്രേക്കുകളും 12 ഇഞ്ച് വീലുകളിൽ 90/90 ടയറുകളും നൽകി സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്‍കൂട്ടറിലെ സ്മാർട്ട് സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇവാ 2025 ന് ഡിജിറ്റൽ ഡിസ്പ്ലേ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), കീലെസ് ഡ്രൈവ്, ആന്റി-തെഫ്റ്റ് അലാറം, പാർക്കിംഗ് ഗിയർ, യുഎസ്ബി ചാർജിംഗ് പോർട്ട്, പാസഞ്ചർ ഫുട്‌റെസ്റ്റ് എന്നിവയുണ്ട്. നീല, ചാര, വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്. ഈ ഇലക്ട്രിക് സ്കൂട്ടറിന് രണ്ട് വർഷത്തെ വാറന്‍റിയും എല്ലാ ബാറ്ററി വേരിയന്റുകളിലും ഒരു വർഷത്തെ വാറന്‍റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.