ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, 5,00,000-ാമത്തെ വാഹനം പുറത്തിറക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഏഥർ റിസ്റ്റയായിരുന്നു ഈ നേട്ടം കൈവരിച്ച മോഡൽ. 

ന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ്, തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള നിർമ്മാണ പ്ലാന്റിൽ നിന്ന് 5,00,000-ാമത്തെ വാഹനം പുറത്തിറക്കികൊണ്ട് ഒരു സുപ്രധാന ഉൽപ്പാദന നാഴികക്കല്ല് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിനുശേഷം ബ്രാൻഡിന്റെ ഏറ്റവും ശക്തമായ വളർച്ചാ ചാലകങ്ങളിലൊന്നായി അതിവേഗം മാറിയ ഏഥറിന്‍റെ മുൻനിര ഫാമിലി സ്‌കൂട്ടറായ റിസ്റ്റയായിരുന്നു ഈ നാഴികക്കല്ല് പിന്നിട്ട മോഡൽ.

ശക്തമായ വാഹനനിര

ആതർ പെർഫോമൻസിന്റെയും ഫാമിലി സ്‍കൂട്ടറുകളുടെയും ശക്തമായ ഒരു പോർട്ട്‌ഫോളിയോ നിർമ്മിച്ചിട്ടുണ്ട്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ, ആതറിന്റെ വളർച്ചയുടെ ഒരു പ്രധാന അടയാളമായി റിസ്റ്റ മാറി. കമ്പനിയുടെ മൊത്തം ഉൽപ്പാദനത്തിന്‍റെ മൂന്നിലൊന്ന് ഭാഗവും വഹിക്കുന്നതും കമ്പനിയുടെ വികാസം ത്വരിതപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി, മെട്രോ വിപണികൾക്കൊപ്പം ടയർ 2, 3 നഗരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മധ്യ, വടക്കേ ഇന്ത്യയിലും ആതർ തങ്ങളുടെ സാന്നിധ്യം അതിവേഗം വികസിപ്പിച്ചു.

പുതിയ പ്ലാന്‍റ് വരുന്നു

തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിലവിൽ രണ്ട് നിർമ്മാണ യൂണിറ്റുകളുണ്ട് കമ്പനിക്ക്. ഒന്ന് വാഹന അസംബ്ലിക്കും മറ്റൊന്ന് ബാറ്ററി ഉൽപാദനത്തിനുമായാണ് പ്രവ‍ത്തിക്കുന്നത്. അവയുടെ വാർഷിക ശേഷി 4.2 ലക്ഷം സ്‌കൂട്ടറുകളാണ്. കമ്പനി നിലവിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ബിഡ്‍കിനിൽ മൂന്നാമത്തെ യൂണിറ്റായ ഫാക്ടറി 3.0 നിർമ്മിക്കുന്നു. എഐ, ഡിജിറ്റൽ മോണിറ്ററിംഗ്, ഓട്ടോമേഷൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ യൂണിറ്റ്. രണ്ട് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ, ഏഥറിന്റെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 1.42 ദശലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളിലെത്തും.

നാഴികക്കല്ല്

5,00,000 സ്‍കൂട്ടറുകൾ എന്ന നേട്ടം ആതറിന് ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആതർ എനർജിയുടെ സഹസ്ഥാപകനും സിടിഒയുമായ സ്വപ്‌നിൽ ജെയിൻ പറഞ്ഞു. കമ്പനിയുടെ ആദ്യത്തെ പ്രോട്ടോടൈപ്പ് മുതൽ ഇന്നുവരെ, വാഹനങ്ങൾ മാത്രമല്ല, വിപുലീകരിക്കാവുന്നതും വിശ്വസനീയവും സ്ഥിരതയുള്ളതുമായ ഒരു നിർമ്മാണ ഇക്കോസിസ്റ്റം നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഈ നേട്ടം വർഷങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ച എഞ്ചിനീയറിംഗ്, കർശനമായ പരിശോധന, ഉൽ‌പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരത്തിലേക്കുള്ള സൂക്ഷ്മ ശ്രദ്ധ എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.