പൂനെയിലെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അവാന്‍ മോട്ടോഴ്സിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ സീറോ പ്ലസ് ഇന്ത്യന്‍ വിപണയിലെത്തി. ഡ്യുവല്‍ ലിഥിയം അയേണ്‍ ബാറ്ററി പാക്കോടെ 800 വാട്‍സ് ഇലക്ട്രിക് മോട്ടോര്‍ കരുത്തു പകരുന്ന വാഹനത്തിന് 47,000 രൂപയാണ് എക്സ്ഷോറൂം വില.

ഒറ്റ ബാറ്ററിയുടെ മൈലേജ് 60 കിലോമീറ്ററാണ്. ഇരുബാറ്ററികളും ചേരുമ്പോഴാണ് ഫുള്‍ ചാര്‍ജിംഗില്‍ 110 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നത്. മണിക്കൂറില്‍ 45 കിലോമീറ്ററാണ് സീറോ പ്ലസിന്റെ പരമാവധി വേഗത. 

ബാറ്ററി പായ്ക്കുകള്‍ വേര്‍പെടുത്തിയെടുക്കാം. അതിനാല്‍ എവിടെയും ചാര്‍ജ് ചെയ്യാനാകും. ബാറ്ററിക്ക് 8 കിലോഗ്രാം വീതമാണ് ഭാരം. നാല്-ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.  

1800 എംഎം നീളവും 680 എംഎം വീതിയുമുണ്ട് ഈ സ്‍കൂട്ടറിന്. അധിക സ്റ്റോറേജ് സ്‌പേസിനായി പിന്നില്‍ 15.2 ലിറ്ററിന്റെ ടോപ് ബോക്‌സ് നല്‍കിയിട്ടുണ്ട്. മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷ. 

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ സ്പ്രിങ്ങുമാണ് സസ്‌പെന്‍ഷന്‍. ബാറ്ററി കൂടാതെ 62 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. പരമാവധി ഭാരശേഷി 150 കിലോഗ്രാം. ചുവപ്പ്, നീല, വെള്ള എന്നീ മൂന്ന് നിറങ്ങളില്‍ അവാന്‍ സീറോ പ്ലസ് തിരഞ്ഞെടുക്കാം. ഈ വര്‍ഷം മാത്രം രാജ്യത്ത് 25,000 സ്‌കൂട്ടറുകള്‍ വില്‍ക്കാനാണ് അവാന്‍ മോട്ടോഴ്‍സിന്‍റെ പദ്ധതി.