ബിഎംഡബ്ല്യു മോട്ടോറാഡ് അവരുടെ പുതിയ ആർ 12 ജിഎസിനെ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ക്ലാസിക് എൻഡ്യൂറോ മോട്ടോർസൈക്കിളായ ഇതിന് 1,170 സിസി എയർ-ഓയിൽ കൂൾഡ് ബോക്‌സർ ട്വിൻ എഞ്ചിനാണുള്ളത്.

റ്റവും പ്രീമിയവും ആഡംബരപൂർണ്ണവുമായ ഇരുചക്രവാഹനങ്ങൾക്ക് പേരുകേട്ട കമ്പനിയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ഇപ്പോഴിതാ ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ആർ 12 ജിഎസിനെ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ആർ80 ജിഎസിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ട് ആർ 12 കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ക്ലാസിക് എൻഡ്യൂറോ മോട്ടോർസൈക്കിളാണിത്

ഓഫ്-റോഡിംഗിന് അനുയോജ്യമാക്കുന്ന ഒരു കൂട്ടം ഹാർഡ്‌വെയറുകൾ ഇതിൽ ഉൾപ്പെടുന്നു. ബൈക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 21 ഇഞ്ച്, 17 ഇഞ്ച് ക്രോസ് സ്‌പോക്ക് വീലുകളുണ്ട്, അതേസമയം എൻഡ്യൂറോ പ്രോ ട്രിമിന് പിന്നിൽ 18 ഇഞ്ച് വലിയ റിം ലഭിക്കുന്നു. എല്ലാ വകഭേദങ്ങളുടെയും സീറ്റ് ഉയരവും വ്യത്യസ്തമാണ്. ഇത് 860mm (സ്റ്റാൻഡേർഡ്) ഉം 870mm (എൻഡ്യൂറോ പ്രോ) ഉം ആണ്.

ബിഎംഡബ്ല്യു ആർ 12 ജിഎസിന് കരുത്ത് പകരുന്നത് 1,170 സിസി എയർ-ഓയിൽ കൂൾഡ് ബോക്‌സർ ട്വിൻ എഞ്ചിനാണ്. ഇത് 7,000 ആർ‌പി‌എമ്മിൽ 107 ബി‌എച്ച്‌പി പരമാവധി പവറും 6,500 ആർ‌പി‌എമ്മിൽ 115 എൻ‌എം പീക്ക് ടോർക്ക് ഔട്ട്‌പുട്ടും നൽകുന്നു. പിൻ ചക്രം 6-സ്പീഡ് ഗിയർ‌ബോക്സും ഷാഫ്റ്റ് ഡ്രൈവും വഴിയാണ് ഓടിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് ഇടതുവശത്ത് ഘടിപ്പിച്ചിരിക്കുന്നു. ഉപഭോക്താവിന് താൽപ്പര്യമുണ്ടെങ്കിൽ ക്ലച്ച് ഓപ്പറേഷൻ ഇല്ലാതെ അപ്‌ഷിഫ്റ്റിംഗിനും ഡൗൺഷിഫ്റ്റിംഗിനുമായി ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

രണ്ട് വകഭേദങ്ങൾക്കും സസ്പെൻഷൻ ഒരുപോലെയാണ്. ഇത് മുന്നിൽ 200 എംഎമ്മും പിന്നിൽ 210 എംഎമ്മും ആണ്. ഇതിന്റെ കെർബ് ഭാരം 229 കിലോഗ്രാം ആണ്. ഓഫ്-റോഡ് യാത്രക്കാർക്ക് അനുയോജ്യമായ ഒരു ഹെവി ഡ്യൂട്ടി മോട്ടോർസൈക്കിളാണിത്. R12 GS-ന്റെ ഏറ്റവും പ്രത്യേകത അതിന്റെ രൂപകൽപ്പനയാണ്, അത് യഥാർത്ഥ R80 GS-നെ അനുസ്മരിപ്പിക്കുന്നതും അതിനെ വളരെ ആകർഷകവുമാക്കുന്നു. മുൻവശത്തെ കൊക്ക്, കൗൾ കൊണ്ട് ചുറ്റപ്പെട്ട ചെറിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ബോക്‌സി ഇന്ധന ടാങ്ക് തുടങ്ങിയവ അതിന്റെ പഴയ മോഡലുകളെ ഓർമ്മിപ്പിക്കുന്നു.

അന്താരാഷ്ട്ര വിപണിയിൽ ബിഎംഡബ്ല്യു R12 GS നാല് നിറങ്ങളിൽ ലഭ്യമാണ്. ഇത് ഇന്ത്യയിലും വന്നേക്കാം. പക്ഷേ ബൈക്കിന് വില കൂടുതൽ ആയിരിക്കും. ഇതിന്റെ വില 21.10 ലക്ഷം രൂപയിൽ കൂടുതലാകാം എന്നാണ് റിപ്പോ‍ട്ടുകൾ.