ലോണെടുത്ത് റോയൽ എൻഫീൽഡ് ക്ലാസിക് 350 എങ്ങനെ വാങ്ങാം? ഇഎംഐയും ഡൌൺ പേമെന്‍റും എത്ര? ഇതാ അറിയേണ്ടതെല്ലാം
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ബൈക്കുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. യുവാക്കൾക്കിടയിൽ ഈ ബ്രാൻഡിൻ്റെ മോട്ടോർസൈക്കിളുകൾക്ക് വലിയ ഡിമാൻഡ് ഉണ്ട്. റോയൽ എൻഫീൽഡിൻ്റെ ഏറ്റവും ജനപ്രിയ ബൈക്കുകളിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 ഉം ഉണ്ട്. ഈ മോട്ടോർസൈക്കിളിൻ്റെ ഓൺറോഡ് വില രണ്ടുലക്ഷം രൂപയിൽ ഏറെയാണ്. എന്നാൽ ഈ മോട്ടോർസൈക്കിൾ വാങ്ങാൻ ഒറ്റയടിക്ക് മുഴുവൻ പണമടയ്ക്കേണ്ടതില്ല. ഈ മോട്ടോർസൈക്കിൾ എല്ലാ മാസവും ഇഎംഐ ആയി ഒരു നിശ്ചിത തുക അടച്ച് നിങ്ങളുടെ പേരിൽ ലോണായി വാങ്ങാവുന്നതാണ്.
ഇഎംഐയിൽ ക്ലാസിക് 350 എങ്ങനെ വാങ്ങാം?
റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ അഞ്ച് വകഭേദങ്ങൾ ഇന്ത്യൻ വിപണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം, സിഗ്നൽസ്, ഡാർക്ക്, ക്ലാസിക് ക്രോം എന്നീ അഞ്ച് വകഭേദങ്ങളിലാണ് ബൈക്കിൻ്റെ മോഡൽ ലൈനപ്പ് വരുന്നത്. ക്ലാസിക് 350 യുടെ ഏറ്റവും വിലകുറഞ്ഞ മോഡൽ അതിൻ്റെ ഹെറിറ്റേജ് പതിപ്പാണ്. 2.36 ലക്ഷം രൂപയാണ് ഈ മോഡലിൻ്റെ തിരുവനന്തപുരത്തെ ഏകദേശ ഓൺറോഡ് വില. ഈ വിലയിൽ ചില വ്യത്യാസങ്ങൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കാണാനിടയുണ്ട്.
ക്ലാസിക് 350 ലോണെടുത്ത് വാങ്ങാൻ ഏകദേശം 20,000 രൂപ ഡൗൺ പേയ്‌മെൻ്റായി നിങ്ങൾ നിക്ഷേപിച്ചാൽ 2,17,00 രൂപയോളം നിങ്ങൾക്ക് വായ്പ ലഭിക്കും. അതേസമയം ലോൺ തുക നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചിരിക്കുന്നു. ഈ ലോണിന് ഒമ്പത് ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നതെങ്കിൽ നിങ്ങൾ അഞ്ച് വർഷത്തേക്ക് ഈ ലോൺ എടുക്കുകയാണെങ്കിൽ, നിങ്ങൾ എല്ലാ മാസവും ഇഎംഐ ആയി ഏകദേശം 5200 രൂപയോളം അടച്ചാൽ മതിയാകും. നിങ്ങൾ ക്ലാസിക് 350-ന് മൂന്ന് വർഷത്തേക്ക് ലോൺ എടുക്കുകയാണെങ്കിൽ, നിങ്ങൾ 9% പലിശയിൽ എല്ലാ മാസവും 7,655 രൂപയോളം തവണ അടയ്‌ക്കേണ്ടിവരും. ഒരു റോയൽ എൻഫീൽഡ് ബൈക്ക് വാങ്ങാൻ, ഈ വായ്പ നാല് വർഷത്തേക്ക് ബാങ്കിൽ നിന്ന് എടുക്കുകയാണെങ്കിൽ, 48 മാസത്തേക്ക് എല്ലാ മാസവും 6,150 രൂപ ഇഎംഐ അടയ്ക്കണം
അതേസമയം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം വ്യത്യസ്ത ബാങ്കുകളും അവരുടെ നയങ്ങളും അനുസരിച്ച് ഈ ലോൺ തുകയിലും ഇഎംഐയിലും വ്യത്യാസമുണ്ടാകാം എന്നതാണ്. അതുകൊണ്ടുതന്നെ ലോൺ എടുക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കേണ്ടത് പ്രധാനമാണ്.
റോയൽ എൻഫീൽഡ് ക്ലാസിക് 350 പ്രത്യേകതകൾ
റോയൽ എൻഫീൽഡിൻ്റെ ഈ ബൈക്കിന് 20 ബിഎച്ച്പി പവറും 27 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 350 സിസി സിംഗിൾ എയർ കൂൾഡ് എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ പരമാവധി 20 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. റോയൽ എൻഫീൽഡ് ക്ലാസിക് 350 യിൽ മുന്നിൽ ഇരട്ട ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട അബ്സോർബറുകളുമുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ടൈപ്പ് സി ചാർജിംഗ് പോർട്ട്, ക്രമീകരിക്കാവുന്ന ലിവർ, നാവിഗേഷൻ ഡിസ്‌പ്ലേ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയവയും ക്ലാസിക് 350-ൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രോം, മാറ്റ്, ഹാൽസിയോൺ, സിഗ്നലുകൾ, റെഡ്ഡിച്ച് എന്നിങ്ങനെ അഞ്ച് തീമുകളിലായി വ്യാപിച്ചുകിടക്കുന്ന 11 പെയിൻ്റ് സ്‍കീമുകളിലാണ് പുതുക്കിയ മോഡൽ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നത്. മദ്രാസ് റെഡ്, ജോധ്പൂർ ബ്ലൂ, എമറാൾഡ്, മെഡാലിയൻ ബ്രൗൺ, സ്റ്റെൽത്ത് (കറുത്ത ഫിനിഷിൽ കറുപ്പ്), കമാൻഡോ സാൻഡ് എന്നിവ ഈ ശ്രേണിയിൽ ഉൾപ്പെടുന്നു.

