ഇന്ത്യൻ വിപണിയിൽ മികച്ച ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡുകളിലൊന്നാണ് ഹീറോ ഇലക്ട്രിക്. ഇപ്പോഴിതാ തങ്ങളുടെ മോഡലുകൾക്കെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ ഇലക്ട്രിക്. ബീ എ ബൈക്ക് ബഡി എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി അനുസരിച്ച് സവിശേഷമായ റഫറൽ കിഴിവാണ് കമ്പനി നൽകുന്നത്.

ഈ ഓഫറിന് കീഴിൽ ഓൺലൈനിൽ ഒരു ഹീറോ ഇലക്ട്രിക് ഉൽപ്പന്നം വാങ്ങുന്ന ഓരോ ഉപഭോക്താവിനും 2,000 രൂപ ക്യാഷ് ഡിസ്കൗണ്ടിന് അർഹത ലഭിക്കും. കൂടാതെ വാങ്ങുന്നയാളെ നിർദേശിക്കുന്ന വ്യക്തിക്ക് 1,000 രൂപ ആമസോൺ വൗച്ചറും നൽകും. നിലവിലുള്ള ഉടമയ്ക്ക് പരമാവധി രണ്ട് പേരെ മാത്രമേ നിർദേശിക്കാൻ സാധിക്കൂ.

റഫർ‌ ചെയ്‌ത ഉപഭോക്താക്കളിൽ‌ ഒരാൾ‌ക്ക് 50 ന്റെ ഗുണിതങ്ങളിലൊന്നായി ബുക്കിംഗ് സീരിയൽ‌ നമ്പർ‌ ലഭിക്കുകയാണെങ്കിൽ‌ സൗജന്യമായി ഒപ്റ്റിമ ഇലക്ട്രിക് സ്കൂട്ടർ അയാൾക്ക് ലഭിക്കും. അതോടൊപ്പം ഓരോ ഓൺലൈൻ ഉപഭോക്താക്കൾക്കും 2,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫര്‍ 2020 ജൂൺ 25 മുതൽ ജൂലൈ 15 വരെ ലഭിക്കും.

ഫ്ലാഷ് ലീഡ് ആസിഡ് വേരിയന്റും ഗ്ലൈഡ് പുഷ് ബൈക്ക് മോഡലും ഒഴികെയുള്ള എല്ലാ ഹീറോ ഇലക്ട്രിക് മോഡലുകളും വാങ്ങുന്നതിലൂടെ ഇത് പ്രയോജനപ്പെടുത്താം. കൂടാതെ ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ഹീറോ ഇലക്ട്രിക് അതിന്റെ ഉൽ‌പ്പന്നങ്ങൾക്കായി ഡോർസ്റ്റെപ്പ് ഡെലിവറി സേവനവും നൽകുന്നുണ്ട്.

ഹീറോ ഇവി സ്കൂട്ടർ ശ്രേണിയിൽ അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഉള്ളത്. ഒപ്പം രാജ്യവ്യാപകമായി 610 ലധികം സെയിൽസ്, സർവീസ് ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 2020 ജൂണ്‍ 1 മുതല്‍ 20 വരെയായിരുന്നു ക്ലീന്‍ എയര്‍ മിഷന്‍ ഓണ്‍ലൈന്‍ പദ്ധതിയെ ഹീറോ വിപണിയിൽ പരിചയപ്പെടുത്തിയത്.