നവരാത്രി ഉത്സവകാലത്തും ജിഎസ്ടി ഇളവുകളും കാരണം ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഷോറൂം സന്ദര്‍ശനങ്ങളും ഓണ്‍ലൈന്‍ തിരച്ചിലുകളും ഗണ്യമായി ഉയര്‍ന്നു. 

വരാത്രി ഉത്സവകാലവും, ജിഎസ്ടി ഇളവ് കൂടി പ്രാബല്യത്തില്‍ വന്നതോടെ ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പനയില്‍ വന്‍ കുതിപ്പ്. 100 സിസി, 125 സിസി വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇളവ് ലഭിക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഉത്സവകാലം 50 ശതമാനത്തിലധികം ആളുകള്‍ ഷോറൂമുകള്‍ സന്ദര്‍ശിച്ചതായും ഓണ്‍ലൈന്‍ തിരച്ചിലുകള്‍ മൂന്നിരട്ടി വര്‍ധിച്ചതായും ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യ ബിസിനസ് യൂണിറ്റിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ അശുതോഷ് വര്‍മ്മ പറഞ്ഞു.

നവരാത്രിയുടെ ആദ്യദിനം തന്നെ, ഷോറൂമിലേക്ക് വന്നും ഉടന്‍ തന്നെ വാഹനം വാങ്ങിയ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. ജിഎസ്ടി പ്രഖ്യാപനത്തിനായി കാത്തിരുന്നവര്‍ വാഹനം സ്വന്തമാക്കി തുടങ്ങിയെന്നും, പുതിയ പന്ത്രണ്ട് മോഡലുകള്‍ ഇത്തവണ ഉത്സവ വിപണിയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയാ ത്യോഹാര്‍, ഹീറോ പേ സവാര്‍ എന്ന കാമ്പയിനിലൂടെ, ഹീറോ ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക്, സ്വര്‍ണനാണയങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഉറപ്പാക്കുന്നു. ഡെസ്റ്റിനി 110, സൂം 160, ഗ്ലാമര്‍ എക്‌സ് 125, എച്ച്എഫ് ഡീലക്‌സ് പ്രോ തുടങ്ങി പുതിയ മോഡലുകളിലൂടെ കമ്പനി തന്റെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചിട്ടുണ്ട്. കൂടിയ ആവശ്യം നിറവേറ്റുന്നതിനായി ഉല്‍പാദനവും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 

അതേസമയം ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹീറോ സ്പ്ലെൻഡറിന് എപ്പോഴും വൻ ഡിമാൻഡുണ്ട്. 2025 ഓഗസ്റ്റിൽ, ഹീറോ സ്പ്ലെൻഡർ വീണ്ടും മോട്ടോർസൈക്കിൾ വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തി. ഈ കാലയളവിൽ മൊത്തം 311,698 യൂണിറ്റ് , ഹീറോ സ്പ്ലെൻഡറുകൾ വിറ്റു. 2.89 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഒരു വർഷം മുമ്പ്, 2024 ഓഗസ്റ്റിൽ ഇത് 302,934 യൂണിറ്റായിരുന്നു.