ദില്ലി: ജനപ്രിയ മോഡലായ യൂണിക്കോണിന്‍റെ ബിഎസ്6 പതിപ്പ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2020 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 93,593 രൂപയായിരുന്നു പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. പഴയ ബിഎസ് 4 പതിപ്പില്‍ നിന്നും 13,000 രൂപയുടെ വര്‍ധനവാണ് അന്ന് ഉണ്ടായത്. ഇപ്പോള്‍ ബൈക്കിന്‍റെ വില വീണ്ടും കൂട്ടിയിരിക്കുകയാണ് കമ്പനി. 955 രൂപയുടെ വര്‍ധനവാണ് ബൈക്കില്‍ ഉണ്ടായിരിക്കുന്നത്. വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല.

നിലവിലെ ഹോണ്ട സിബി യൂണികോണ്‍ 160 ഉപയോഗിക്കുന്ന 162.71 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ ഹോണ്ട യൂണികോണ്‍ മോട്ടോര്‍സൈക്കിളിനും കരുത്തേകുന്നത്. ബിഎസ് 4 എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 14 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്.

ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 7500 അർപിഎമ്മിൽ 12.73 ബിഎച്പി പവർ ആണ് നിർമ്മിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 150 സിസി എഞ്ചിന്റെയും പവർ ഔട്ട്പുട്ട് 12.73 ബിഎച്പി തന്നെയായിരുന്നു. എന്നാൽ ടോർക്ക് 14 എൻഎം ആയി ഉയര്‍ന്നു. കൂടുതൽ ലോ ഏൻഡ് ടോർക്കും മികച്ച ഇന്ധനക്ഷമതയ്ക്കുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് പുതിയ എൻജിൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു.

അതേസമയം, ഗ്രൗണ്ട് ക്ലിയറന്‍സ് 8 എംഎം, സീറ്റ് നീളം 24 എംഎം എന്നിങ്ങനെ വര്‍ധിപ്പിച്ചതായും കമ്പനി അറിയിച്ചു. എന്നാല്‍ പഴയ രണ്ട് മോഡലുകളില്‍ ഏതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പുതിയ കണക്കുകളെന്ന് ഹോണ്ട വ്യക്തമാക്കിയില്ല. എന്‍ജിന്‍ കില്‍ സ്വിച്ച്, സിംഗിള്‍ ചാനല്‍ എബിഎസ് എന്നീ ഫീച്ചറുകള്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ നല്‍കി.

ടെലിസ്കോപിക് മുൻ ഫോർക്കുകളും, മോണോഷോക്ക് പിൻ ഫോർക്കുകളും പുത്തൻ യൂണികോണിലും മാറ്റമില്ലാതെ തുടരുന്നു. 240 എംഎം സിംഗിൾ ചാനൽ എബിഎസിനൊപ്പം 240 എംഎം ഡിസ്ക് മുൻചക്രത്തിലും ഡ്രം സെറ്റപ്പ് പിൻചക്രത്തിലും ബ്രെയ്ക്കിങ്ങിനായി ക്രമീകരിച്ചിരിക്കുന്നു. പേൾ ഇഗ്നെസ് ബ്ലാക്ക്, ഇംപേരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേയ്‌ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് 2020 ഹോണ്ട യൂണികോൺ 160 BS6 വില്പനക്കെത്തിയിരിക്കുന്നത്.