ദില്ലി: ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ കാവസാക്കി തങ്ങളുടെ മിഡിൽവെയ്റ്റ് ടൂറർ മോഡൽ ആയ വെർസിസ് 650-യുടെ ബിഎസ് 6 പതിപ്പ് പുറത്തിറക്കി. കാൻഡി ലൈം ഗ്രീൻ എന്ന ഒരൊറ്റ നിറത്തിൽ മാത്രം ലഭ്യമാകുന്ന വാഹനത്തിന് 6.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ബിഎസ്4 വേർസിസ് 650 മോഡലിനേക്കാൾ 10,000 രൂപയോളം കൂടി. പുതിയ വെർസിസ് 650യുടെ ബുക്കിങ് കാവസാക്കി ഡീലർഷിപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. 50,000 രൂപയാണ് ടോക്കൺ തുക. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കും.

ബിഎസ്4 മോഡലും പുത്തന്‍ മോഡലും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. ഇന്ധന ടാങ്കിൽ പുതിയ ഗ്രാഫിക്സ് മാത്രമാണ് കാഴ്ചയിലെ ഏക പുതുമ. വെർസിസ് 650 ബിഎസ്6-ൽ 649 സിസി ട്വിൻ സിലിണ്ടർ എഞ്ചിനിൽ തന്നെയാണ് ബൈക്കിന്‍റെ ഹൃദയം. എന്നാല്‍ എൻജിൻ പരിഷ്കരണത്തിന്റെ ഭാഗമായി പവർ, ടോർക്ക് തുടങ്ങിയവ കുറഞ്ഞു.

ഇപ്പോൾ 8500 ആർപിഎമ്മിൽ 65 ബിഎച്ച്പി പവറും 7000 ആർപിഎമ്മിൽ 61 എൻഎം പീക്ക് ടോർക്കുമാണ് ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കുന്നത്. അതേസമയം ബിഎസ്4 പതിപ്പിൽ 8500 ആർ‌പി‌എമ്മിൽ 68 ബിഎച്ച്പി പവറും 7000 ആർ‌പി‌എമ്മിൽ 64 എൻ‌എം പീക്ക് ടോർക്കും ആയിരുന്നു ഇതേ എഞ്ചിന്‍ സൃഷ്‍ടിച്ചരുന്നത്. 6 സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

കവാസാക്കിയുടെ മറ്റുള്ള ബിഎസ്6 ബൈക്കുകൾക്ക് സമാനമായി പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ വേർസിസ് 650-യ്ക്ക്ലഭിക്കുന്നില്ല. ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന റൈഡോളജി ആപ്ലിക്കേഷനും ഈ മോഡലിലില്ല. നിലവിലുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ അധികമായി ഒരു ഗിയർ ഇൻഡിക്കേറ്റർ ചേർത്തിട്ടുണ്ട്. അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്ക്രീൻ, സിറ്റിംഗ് പൊസിഷൻ, വിശാലമായ ഹാൻഡിൽബാർ എന്നിവയാണ് കാവസാക്കി വേർസിസ് 650-ന്റെ ആകർഷണങ്ങൾ.

150 എംഎം ട്രാവലുള്ള 41 എംഎം യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, 145 മില്ലീമീറ്റർ ട്രാവലുള്ള ഓഫ്‌സെറ്റ് ലേഡൗൺ മോണോഷോക്ക് പിൻ സസ്‌പെൻഷൻ ആണ് കാവസാക്കി വേർസിസ് 650-യ്ക്ക്. രണ്ട് യൂണിറ്റുകളും ക്രമീകരിക്കാവുന്നവയാണ്. 300 എംഎം പെറ്റൽ ഡിസ്കുകൾ മുൻചക്രത്തിലും പിന്നിൽ 250 എംഎം പെറ്റൽ ഡിസ്കും ആണ് ബ്രെയ്ക്കിനായി ക്രമീകരിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കില്‍.

ഇലക്ട്രിക് സണ്‍റൂഫുമായി പുത്തന്‍ ജാസ്, ബുക്കിംഗ് തുടങ്ങി