Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് സണ്‍റൂഫുമായി പുത്തന്‍ ജാസ്, ബുക്കിംഗ് തുടങ്ങി

ഫെയ്‌സ്‌ലിഫ്റ്റ് ജാസിനായുള്ള ഔദ്യോഗിക ബുക്കിഗും ഹോണ്ട ആരംഭിച്ചു

2020 Honda Jazz BS6 bookings open
Author
Mumbai, First Published Aug 11, 2020, 5:11 PM IST

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്‍റെ 2020 മോഡല്‍ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ബിഎസ് 6 പാലിക്കുന്ന പുതിയ ഹോണ്ട ജാസ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫെയ്‌സ്‌ലിഫ്റ്റ് ജാസിനായുള്ള ഔദ്യോഗിക ബുക്കിഗും ഹോണ്ട ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകൾ വഴി വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. 

താൽപര്യമുള്ള ഉപഭേക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി പുത്തൻ മോഡൽ പ്രീ-ബുക്ക് ചെയ്യാം. ഹോണ്ട ഡീലർഷിപ്പുകളിൽ നേരിട്ട് ചെല്ലുമ്പോൾ 21,000 രൂപയും ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ 5000 രൂപയുമാണ് ടോക്കൺ തുക.

ബിഎസ് 6 എന്‍ജിന്‍ കൂടാതെ ഫീച്ചറുകള്‍, സ്‌റ്റൈലിംഗ് എന്നിവയില്‍ ചില മാറ്റങ്ങളോടെയാണ് 2020 ഹോണ്ട ജാസ് വിപണിയിലെത്തുന്നത്. ആധുനിക കാറുകളിൽ കണ്ടുവരുന്ന ക്രൂയിസ് കൺട്രോളും വൺ-ടച്ച് ഇലക്ട്രിക് സൺറൂഫും ഫെയ്‌സ്‌ലിഫ്റ്റ് ജാസിൽ ഇത്തവണ ലഭ്യമാകുമെന്നതാണ് മുഖ്യ സവിശേഷതകളില്‍ ഒന്ന്. സെഗ്മെന്റിലെ എതിരാളികൾക്ക് സൺറൂഫില്ല എന്നുള്ളത് ജാസിന്റെ പ്രീമിയം ബ്രാൻഡിങ് ഉറപ്പിക്കുന്നു.

കഴിഞ്ഞമാസങ്ങളില്‍ ജാസിന്‍റെ ടീസറുകള്‍ കമ്പനി പുറത്തുവിട്ടിരുന്നു. പുതിയ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാംപുകളാണ് പുതിയ ജാസ് പ്രീമിയം ഹാച്ച്ബാക്കിലെ മറ്റൊരു വലിയ മാറ്റം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൂടെ നല്‍കിയിരിക്കുന്നു. പരിഷ്‌കരിച്ച ഗ്രില്‍, എല്‍ഇഡി ഫോഗ് ലാംപുകള്‍ എന്നിവ വെളിപ്പെടുത്തുന്നതാണ് പുതിയ ടീസര്‍.

മെഷ് ഗ്രില്ലിന്റെ മധ്യത്തിലാണ് ഹോണ്ട ലോഗോ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ബ്ലാക്ക് സ്ലാറ്റ് കാണാനാകും. 

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തൊട്ടുതാഴെയുള്ള ക്രോം സ്ട്രിപ്പ്. വ്യക്തത കുറഞ്ഞ രീതിയില്‍ അലോയ് വീലുകളും ടീസര്‍ ചിത്രത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ മാറ്റമില്ല. കൂടുതല്‍ അഗ്രസീവായി തോന്നുന്നവിധം മുന്നിലെ ബംപര്‍ പുതിയതാണ്. നടുവിലെ എയര്‍ഡാമിന് വലുപ്പം വര്‍ധിച്ചു. ടച്ച് സ്ക്രീൻ, ക്രൂയിസ് കണ്ട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, 15-ഇഞ്ച് അലോയ് വീലുകൾ, റിയർ വാഷറും വൈപ്പറും എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. 
സിവിടി ട്രാൻസ്മിഷൻ മോഡലുകൾക്ക് പാഡിൽ ഷിഫ്റ്ററുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഡീസൽ എഞ്ചിനോട് വിട പറഞ്ഞാണ് പുത്തൻ ഹോണ്ട ജാസ് എത്തുന്നത്. 1.2-ലിറ്റർ i-VTEC പെട്രോൾ എൻജിനിൽ മാത്രമേ ഇനി ജാസ് ലഭ്യമാവൂ. 89 ബിഎച്ച്പി പവറും 110 എൻഎം ടോർക്കുമുള്ള പെട്രോൾ എഞ്ചിന്റെ ഔട്ട്പുട്ട് ബിഎസ്6 പരിഷ്കാരങ്ങൾക്കുശേഷവും മാറ്റമില്ലാതെ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ട്രാൻസ്മിഷൻ ഓപ്ഷനുമുണ്ട്. 

ബിഎസ്4 ജാസിന്റെ ഉപഭോക്താക്കളിൽ 80 ശതമാനവും പെട്രോൾ വേരിയന്റ് ആണ് തിരഞ്ഞെടുത്തത്. ഇതാണ് 2020 ജാസിനെ ഡീസൽ എൻജിൻ ഇല്ലാതെ ലോഞ്ച് ചെയ്യാൻ ഹോണ്ട കാർസ് ഇന്ത്യയെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഫോക്‌സ്‌വാഗൺ പോളോ തുടങ്ങിയവരാണ് എതിരാളികള്‍. പുതിയ മോഡലിന്റെ വില വിവരങ്ങൾ കമ്പനി ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. 
 

Follow Us:
Download App:
  • android
  • ios