ഓല ഇലക്ട്രിക് അവരുടെ പുതിയ ഡയമണ്ട്ഹെഡ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്തിറക്കി.   

യമണ്ട്ഹെഡ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്‍റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് അനാച്ഛാദനം ചെയ്യാൻ ഓല ഇലക്ട്രിക് ഒരുങ്ങിയിരിക്കുന്നു. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, കമ്പനി അതിന്റെ ഷാർപ്പ്-ഡിസൈൻ ചെയ്ത മുൻഭാഗം പ്രദർശിപ്പിക്കുന്ന ഒരു ടീസർ പുറത്തിറക്കി. വീതിയിൽ കുറുകെയുള്ള എൽഇഡി ഹെഡ്‌ലൈറ്റ് സ്ട്രിപ്പ്, ഡയമണ്ട് ആകൃതിയിലുള്ള ഫെയറിംഗ്, വലിയ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഘടകങ്ങൾ 2023 ൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന് സമാനമാണ്. എങ്കിലും ടീസർ മോഡൽ മറ്റ് ഡിസൈൻ വിശദാംശങ്ങൾ വളരെയധികം മറച്ചിരിക്കുന്നു.

പുതിയ ഓല ഇലക്ട്രിക് ബൈക്കിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് മുൻവശത്തെ വലിയ സ്വിംഗാർമാണ്. പരമ്പരാഗത ഫോർക്ക് സജ്ജീകരണത്തിന് പകരം ഹബ്-സെന്റേർഡ് സ്റ്റിയറിംഗ് സിസ്റ്റത്തിന്റെ സാന്നിധ്യം ഇത് സൂചിപ്പിക്കുന്നു. കൺസെപ്റ്റിൽ നമ്മൾ കണ്ടതുപോലെ ഒരു ബെൽറ്റ് ഡ്രൈവ് സിസ്റ്റവും രണ്ട് വലിയ ഫ്രണ്ട് ഡിസ്‍ക് ബ്രേക്കുകളും ഇതിൽ ഉൾപ്പെടും. ഈ ഫീച്ചറുകൾ ഡയമണ്ട്ഹെഡ് ഒരു പെർഫോമൻസ് ഫോക്കസ്‍ഡ് മോട്ടോർസൈക്കിൾ ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

കൺസെപ്റ്റിന് സമാനമായി, ബൈക്ക് ഓഫ് ചെയ്യുമ്പോൾ ഒരു ചെറിയ സംരക്ഷിത പ്ലാസ്റ്റിക് കവറിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു ഡിജിറ്റൽ ഡിസ്പ്ലേ പ്രൊഡക്ഷൻ മോഡലിൽ ഉണ്ടായിരിക്കാം. ബൈക്ക് ഓണാക്കുമ്പോൾ, പ്ലാസ്റ്റിക് കവർ തെന്നിമാറി സ്ക്രീൻ വെളിപ്പെടുത്തും. വേഗത, യാത്രാ വിവരങ്ങൾ, ബാറ്ററി നില, മറ്റ് പ്രധാന റൈഡിംഗ് ഡാറ്റ എന്നിവ ഈ യൂണിറ്റ് പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ഓല ഇലക്ട്രിക് ബൈക്കിന് ഏകദേശം 4.5 ലക്ഷം രൂപ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു, ഇത് അൾട്രാവയലറ്റ് F77 ന്റെ നേരിട്ടുള്ള എതിരാളിയായി മാറുന്നു.