ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ആതർ എനർജി, ടിവിഎസ് എന്നിവരുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ. വില, സവിശേഷതകൾ, റേഞ്ച് എന്നിവയെക്കുറിച്ച് അറിയാം.
ഈ വർഷം ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ ഇപ്പോൾ ഏറ്റവും അനുയോജ്യമായ സമയമാണ്. രാജ്യത്തെ നാല് പ്രധാന ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ആതർ എനർജി, ടിവിഎസ് എന്നിവർ അവരുടെ നിലവിലുള്ള ഓഫറുകളുടെ പുതിയ മോഡലുകളും വകഭേദങ്ങളും വിപണിയിൽ അവതരിപ്പിച്ചു. അവയുടെ വിലകൾ, സവിശേഷതകൾ, റേഞ്ച് തുടങ്ങിയവയെക്കുറിച്ച് വിശദമായി അറിയാം.
ഹീറോ വിഡ VX2
ഹീറോ വിഡ വിഎക്സ്2 കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന ഒരു ഫാമിലി ഇലക്ട്രിക് സ്‍കൂട്ടറാണ്. ഇത് ഗോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 59,490 രൂപയും 1.10 ലക്ഷം രൂപയും വിലയുണ്ട്. ബാറ്ററി സബ്‍സ്ക്രിപ്ഷൻ (BaaS) പ്ലാനിൽ നിങ്ങൾ അവ വാങ്ങുമ്പോൾ ഈ വിലകൾ ബാധകമാണ്. വിഡ വിഎക്സ്2 ഗോയിൽ 2.2kWh ബാറ്ററിയുണ്ട്. കൂടാതെ 92km ക്ലെയിം ചെയ്ത ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം പ്ലസ് വേരിയന്റ് 3.4kWh ബാറ്ററി ഉപയോഗിക്കുന്നു. കൂടാതെ 142km റേഞ്ച് നൽകുന്നു. നീല, ചുവപ്പ്, കറുപ്പ്, വെള്ള, മഞ്ഞ, ഓറഞ്ച് (പ്ലസ് മാത്രം), ഗ്രേ (പ്ലസ് മാത്രം) എന്നീ ഏഴ് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്‍കൂട്ടർ വരുന്നത്
ബജാജ് ചേതക് 3001
ബജാജ് അടുത്തിടെ ചേതക്കിന്റെ പുതിയ എൻട്രി ലെവൽ വേരിയന്‍റ് 99,990 രൂപ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കി. ബജാജ് ചേതക് 3001 എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വേരിയന്റ് മുമ്പത്തെ ചേതക് 2903 ന് പകരമാണ്. ഇത് 3kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. കൂടാതെ 127 കിലോമീറ്റർ (IDC) ക്ലെയിം ചെയ്ത റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 750W ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് മൂന്നുമണിക്കൂർ 50 മിനിറ്റിനുള്ളിൽ ഇതിന്റെ ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. പുതിയ ചേതക് 3001 മണിക്കൂറിൽ 63 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്നുവെന്ന് ബജാജ് അവകാശപ്പെടുന്നു. ചേതക് 3001 കളർ എൽസിഡി സ്‌ക്രീനും 'ഗൈഡ് മി ഹോം' ലൈറ്റുകൾ, റിവേഴ്‌സ് ലൈറ്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ ഫ്ലാഷിംഗ് ടെയിൽലൈറ്റ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഒരു ആക്‌സസറി ടെക് പാക്കും സഹിതമാണ് വരുന്നത്. ഇ-സ്‍കൂട്ടറിൽ ഇക്കോ, സ്‌പോർട്‌സ് എന്നീ രണ്ട് റൈഡിംഗ് മോഡുകളും ഉണ്ട്.
ആതർ റിസ്റ്റ എസ് 3.7kWh
ആതർ റിസ്റ്റ ഇലക്ട്രിക് സ്‍കൂട്ടർ നിര പുതിയ S 3.7kWh വേരിയന്റുമായി വികസിപ്പിച്ചു. അതിന്റെ എക്സ്-ഷോറൂം വില 1.38 ലക്ഷം രൂപയാണ്. ഈ പുതിയ മിഡ്-സ്പെക്ക് വേരിയന്റിൽ 3.7kWh ബാറ്ററിയുണ്ട്, 159 കിലോമീറ്റർ IDC റേഞ്ച് നൽകുന്നു. ഇതിന് ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയ പരമാവധി വേഗത 80kmph ആണ്. 7 ഇഞ്ച് LCD സ്ക്രീൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഓട്ടോ ഹോൾഡ് തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞതാണ് റിസ്റ്റ S 3.7kWh വേരിയന്‍റ്.
ടിവിഎസ് ഐക്യൂബ് 3.1
ടിവിഎസിന്റെ ജനപ്രിയ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന് 1.10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ 3.1kWh ബാറ്ററി പവർ വേരിയന്റ് ലഭിക്കുന്നു. ഐഡിസി സാക്ഷ്യപ്പെടുത്തിയ 123 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്ന 3.1kWh ബാറ്ററി പായ്ക്ക് ഇതിൽ ഉൾപ്പെടുന്നു. ബോഷിൽ നിന്നുള്ള ഹബ്-മോട്ടോറുമായി ഈ ബാറ്ററി ജോടിയാക്കിയിരിക്കുന്നു. പുതിയ ടിവിഎസ് ഐക്യൂബ് 3.1 വേരിയന്റ് പരമാവധി 82 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്നു. നാലുമണിക്കൂർ 30 മിനിറ്റിനുള്ളിൽ ഇത് പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. സവിശേഷതകളുടെ കാര്യത്തിൽ, ഇത് ഒരു കളർ ടിഎഫ്‍ടി ഡിസ്പ്ലേ, പില്യൺ ബാക്ക്‌റെസ്റ്റ്, ഹിൽ ഹോൾഡ് ഫംഗ്ഷണാലിറ്റി, ടിഎഫ്‍ടി ഡിസ്പ്ലേയ്ക്കായി അപ്ഡേറ്റ് ചെയ്ത UI/UX തുടങ്ങിയവ വാഗ്‍ദാനം ചെയ്യുന്നു.