റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350 ബൈക്ക് വിൽപ്പനയിൽ പുതിയ റെക്കോർഡ്. 2022 ഓഗസ്റ്റിൽ അവതരിപ്പിച്ച ഈ മോട്ടോർസൈക്കിളിന്റെ അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു.

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ബൈക്കുകളോടുള്ള ജനപ്രിതീ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കാണപ്പെടുന്നു. കമ്പനിയുടെ ബൈക്കുകൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. ഈ ശ്രേണിയിൽ റോയൽ എൻഫീൽഡിൻ്റെ ഹണ്ടർ 350 ബൈക്ക് വിൽപ്പനയിൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. റോയൽ എൻഫീൽഡിൻ്റെ ഹണ്ടർ 350 ബൈക്കിൻ്റെ അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകൾ കമ്പനി ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. 

2022 ഓഗസ്റ്റിലാണ് ഹണ്ടർ 350 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 2023 ഫെബ്രുവരിയിൽ തന്നെ ഈ മോട്ടോർസൈക്കിളിൻ്റെ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു. അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റുകൾ കൂടി വിറ്റു. അതിനുശേഷം, മികച്ച വിൽപ്പന കാരണം ഇപ്പോൾ റോയൽ എൻഫീൽഡിൻ്റെ ഈ ബൈക്ക് ബ്രാൻഡിൻ്റെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളായി മാറി. 

റോയൽ എൻഫീൽഡ് ഹണ്ടർ 350 ബ്രാൻഡിൻ്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 
റോയൽ എൻഫീൽഡിന്റെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാണ് ഹണ്ടർ 350. അതിന്റെ മിക്ക ഡിസൈൻ ഘടകങ്ങളും എഞ്ചിൻ സവിശേഷതകളും മറ്റ് റോയൽ എൻഫീൽഡ് 350 മായി പങ്കിടും. മറ്റ് റോയൽ എൻഫീൽഡ് ബൈക്കുകളെപ്പോലെ റോഡ്‌സ്റ്റർ ശൈലിയിലുള്ള മോട്ടോർസൈക്കിളാണ് ഹണ്ടർ 350. കമ്പനിയുടെ ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ ഹണ്ടർ 350-ന്റെ രൂപകൽപ്പനയും മുൻകാല നിർമ്മാതാക്കളിൽ നിന്നുള്ള മറ്റ് റോഡ്‌സ്റ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, നീളമുള്ള സിംഗിൾ പീസ് സീറ്റ്, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ ഒരു ഉയർന്ന എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവയും ഈ ബൈക്കിന് ലഭിക്കുന്നു. ഹണ്ടർ 350-ന്റെ റെട്രോ വേരിയന്‍റ് 177 കിലോഗ്രാം ഭാരമുള്ള ഏറ്റവും ഭാരം കുറഞ്ഞ 350 സിസി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ്.

ഈ ബൈക്കിൻ്റെ എക്‌സ്‌ ഷോറൂം വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, 1.5 ലക്ഷം രൂപയിൽ തുടങ്ങി 1.75 ലക്ഷം രൂപ വരെ ഉയരുന്നു. ഇന്ത്യയെ കൂടാതെ, ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ, തായ്‌ലൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി രാജ്യങ്ങളിൽ ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളുടെ ഈ ബൈക്ക് വിൽക്കുന്നു. ഇത് കൂടാതെ മെക്സിക്കോ, ഓസ്ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിലും ഈ ബൈക്കിന് ആവശ്യക്കാരേറെയാണ്.

349 സിസി, സിംഗിൾ-സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-ഓയിൽ കൂൾഡ് എഞ്ചിൻ ആണ് ഈ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്‍റെ ഹൃദയം. അതോടൊപ്പം ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനവും ഘടിപ്പിച്ചിരിക്കുന്നു. ഹണ്ടർ 350-ൽ സ്ഥാപിച്ചിരിക്കുന്ന ഈ എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ബൈക്കിൽ ഘടിപ്പിച്ച എൻജിനൊപ്പം 5 സ്പീഡ് ഗിയർ ബോക്സും ലഭ്യമാണ്. 36.2 കിമി ആണ് ഈ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൻ്റെ എആ‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. 13 ലിറ്റർ ഇന്ധനക്ഷമതയുള്ള ഈ ബൈക്ക് ടാങ്ക് നിറച്ചാൽ 468 കിലോമീറ്റർ ദൂരം ഓടും എന്നാണ് റിപ്പോ‍ട്ടുകൾ.