സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ഇ-ആക്സസ് ₹1,88,490 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 95 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 71 കിലോമീറ്റർ വേഗതയുമുള്ള ഈ സ്കൂട്ടറിന് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാണ്.  

ജാപ്പനീസ് ടൂവീലർ ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ സുസുക്കി ഇ-ആക്സസ് പുറത്തിറക്കി. 1,88,490 രൂപ എക്സ്-ഷോറൂം വിലയുള്ള ഈ സ്‍കൂട്ടറിന് ബുക്കിംഗുകളും ആരംഭിച്ചു. ഒറ്റ ചാർജിൽ 95 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഈ സ്‍ട്ടറിന് മണിക്കൂറിൽ 71 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഏത് സുസുക്കി ഷോറൂമിലും നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം. കൂടാതെ, ഫ്ലിപ്കാർട്ടിൽ നിന്നും ഈ സ്‍കൂട്ടർ വാങ്ങാൻ ലഭ്യമാണ്.

3.07 kWh ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിൽ ഉള്ളത്. കഴിഞ്ഞ വർഷം നടന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ ഇത് പ്രദർശിപ്പിച്ചിരുന്നു, മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സ്കൂട്ടറിലൂടെ സുസുക്കി ഇന്ത്യൻ ഇലക്ട്രിക് വിപണിയിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്നു. ഇന്ത്യൻ നഗരങ്ങളിൽ ഇലക്ട്രിക് സ്‍‍കൂട്ടറുകൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, ഈ പുതിയ മോഡലിലൂടെ സുസുക്കി തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. 

സവിശേഷതകൾ എന്തൊക്കെ?

ഈ സ്കൂട്ടർ 3 മുതൽ 24 മണിക്കൂർ വരെ വാടകയ്ക്ക് എടുക്കാം. ഇതിന്റെ ബാറ്ററി 5.49 bhp കരുത്തും 15 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒരു സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് വീട്ടിൽ ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റ് എടുക്കും, അതേസമയം ഒരു ഫാസ്റ്റ് ചാർജറിന് വെറും രണ്ട് മണിക്കൂർ 12 മിനിറ്റിനുള്ളിൽ ഇത് പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. വെറും 10 ശതമാനം ചാർജ് ബാക്കിയുണ്ടെങ്കിൽ പോലും, അതിന്റെ വേഗതയിൽ മാറ്റമില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് റൈഡിംഗ് മോഡുകളും (ഇക്കോ, റൈഡ് എ, റൈഡ് ബി) റിവേഴ്‌സിംഗിനായി ഒരു റിവേഴ്‌സ് മോഡും ഇതിൽ ഉൾപ്പെടുന്നു.

മികച്ച ഓഫറുകൾ

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സുസുക്കി നിരവധി പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. അധിക ചെലവില്ലാതെ 7 വർഷത്തെ അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറന്റി ലഭ്യമാണ്. മൂന്ന് വർഷത്തിന് ശേഷം നിങ്ങൾ സ്കൂട്ടർ തിരികെ വിൽക്കുകയാണെങ്കിൽ, അതിന്റെ മൂല്യത്തിന്റെ 60% വരെ നിങ്ങൾക്ക് തിരികെ ലഭിക്കും. നിലവിലുള്ള സുസുക്കി ഉപഭോക്താക്കൾക്ക് 10,000 രൂപയും പുതിയ ഉപഭോക്താക്കൾക്ക് 7,000 വരെയും ബോണസ് ലഭിക്കും. വെറും 5.99 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ വായ്പകൾ ലഭ്യമാണ്.