സുസുക്കി GSX-8T, GSX-8TT എന്നീ നിയോ-റെട്രോ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി. 776 സിസി എഞ്ചിൻ, ആറ് സ്പീഡ് ഗിയർബോക്സ്, ക്വിക്ക്ഷിഫ്റ്റർ എന്നിവ ഈ ബൈക്കുകളുടെ പ്രത്യേകതകളാണ്.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കി നിയോ-റെട്രോ മിഡിൽവെയ്റ്റ് മോട്ടോർസൈക്കളുകളായ GSX-8T, GSX-8TT എന്നിവ പുറത്തിറക്കി. GSX-8S-ന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ട് ബൈക്കുകളും.

സുസുക്കി GSX-8T, GSX-8TT മോട്ടോർസൈക്കിളുകൾക്ക് ഒരേ 776 സിസി, പാരലൽ-ട്വിൻ എഞ്ചിൻ ലഭിക്കുന്നു, 80 bhp, 78 Nm എന്നിവയുടെ പീക്ക് പവറും ടോർക്കും സൃഷ്‍ടിക്കും. കൂടാതെ ആറ് സ്പീഡ് ഗിയർബോക്സും ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും ഇവയുമായി ജോടിയാക്കിയിരിക്കുന്നു. സുസുക്കി GSX-8S, GSX-8R, V-Strom 800 എന്നിവയിലും ഇതേ പവർ യൂണിറ്റുകളാണ് ലഭിക്കുന്നത്.

സുസുക്കി GSX-8T, GSX-8TT എന്നിവ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രമീകരിക്കാൻ കഴിയാത്ത കൈവൈബി സസ്‌പെൻഷൻ, നിസിൻ ബ്രേക്കുകൾ, 120/70-ZR17 (മുൻവശത്ത്), 180/55-ZR17 (പിൻവശത്ത്) അളവിലുള്ള ഡൺലോപ്പ് റോഡ്‌സ്‌പോർട്ട് 2 ടയറുകൾ എന്നിവയും ഈ ബൈക്കുകളിൽ ലഭ്യമാണ്. സുസുക്കി GSX ഡ്യുവോയിൽ 16.5 ലിറ്റർ ഇന്ധന ടാങ്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് 8R-ൽ കാണുന്നതിനേക്കാൾ വളരെ വലുതാണ്.

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ ഹാൻഡിൽബാറുകൾ, ബാർ-എൻഡ് മിററുകൾ എന്നിവയുള്ള 1960-കളിലെ T500 "ടൈറ്റാൻ" എന്ന മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സുസുക്കി GSX-8T നിർമ്മിച്ചിരിക്കുന്നത്. അതേസമയം 8TT-ക്ക് ഹെഡ്‌ലൈറ്റ് കൗളും സുസുക്കിയുടെ 1970-കളിലെ റേസ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന കളർ സ്‍കീമും ഉള്ള ഒരു സ്‌പോർട്ടിയർ ടച്ച് ലഭിക്കുന്നു.

രണ്ട് ബൈക്കുകളിലും യുഎസ്‍ഡി ഫോർക്കുകളും അലുമിനിയം സ്വിംഗാർമും മോണോഷോക്കും ഉള്ള സ്റ്റീൽ ഫ്രെയിം ഉപയോഗിക്കുന്നു. റോഡ്-ബയസ്‍ഡ് ടയറുകളും 17 ഇഞ്ച് അലോയ് വീലുകളും ഈ ബൈക്കുകൾക്ക് ലഭിക്കുന്നു. സുസുക്കി 8T യുടെ ഭാരം 201 കിലോഗ്രാം ആണ്. അതേസമയം 8TT യുടെ ഭാരം 203 കിലോഗ്രാം ആണ്. ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ബൈക്കിന് മൂന്ന് റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്ഷിഫ്റ്റർ, പൂർണ്ണ എൽഇഡി ലൈറ്റുകൾ എന്നിവയുണ്ട്.

സുസുക്കി GSX-8T, GSX-8TT എന്നിവ യുണൈറ്റഡ് സ്റ്റേറ്റ്സിൽ GBP 9,599 (ഏകദേശം 11.20 ലക്ഷം രൂപ) ഉം GBP 9,999 (ഏകദേശം 11.60 ലക്ഷം രൂപ) ഉം വിലയിൽ ലഭ്യമാണ്. അതേസമയം സുസുക്കി ഇന്ത്യൻ വിപണിയിൽ ഈ നിയോ-റെട്രോ ഡ്യുവോ അവതരിപ്പിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. സുസുക്കി വി-സ്ട്രോം 800DE, GSX-8S എന്നിവ ഇതിനകം തന്നെ ഇവിടെ വിൽക്കുന്നുണ്ട്.