ടാറ്റ മോട്ടോഴ്‌സ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 30 പുതിയ കാറുകൾ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചു.
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കഴിഞ്ഞ ദിവസം പുതിയ നിക്ഷേപക അവതരണ വേളയിൽ വെളിപ്പെടുത്തിയ ഭാവി പദ്ധതികളുടെ അമ്പരപ്പിലാണ് എതിരാളികൾ. വിപണിയിൽ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. അഞ്ചുവർഷത്തിനകം ടാറ്റ 30 പുതിയ കാർ ലോഞ്ചുകളാണ് ആസൂത്രണം ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.
2030 സാമ്പത്തിക വർഷത്തോടെ 30 പുതിയ ഉൽപ്പന്നങ്ങൾ വരെ പുറത്തിറക്കും എന്ന് കമ്പനിയുടെഏറ്റവും പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഈ പട്ടികയിൽ 7 പുതിയ നെയിംപ്ലേറ്റുകളും 23 പുതിയതും നിലവിൽ വിൽപ്പനയിലുള്ള മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റുകളും ഉൾപ്പെടുന്നു. ഇതോടെ, വിവിധ സെഗ്‌മെന്റുകളും പവർട്രെയിൻ ഓപ്ഷനുകളും ഉൾക്കൊള്ളുന്ന 15-ലധികം നെയിംപ്ലേറ്റുകൾ വാഹന നിർമ്മാതാക്കൾക്ക് അവരുടെ നിരയിൽ ഉണ്ടാകും.
കൂടുതൽ ഉപഭോക്തൃ ശ്രദ്ധ നേടുന്ന എസ്‌യുവികളിലും കൂപ്പെകൾ, ക്രോസ്ഓവറുകൾ പോലുള്ള പുതിയ ബോഡി തരങ്ങളിലുമായിരിക്കും കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് വെളിപ്പെടുത്തി. വ്യവസായത്തിൽ വർദ്ധിച്ചുവരുന്ന ഉൽപ്പന്ന ഓഫറുകൾക്കൊപ്പം എംപിവി ബോഡിസ്റ്റൈലും കുത്തനെ വളരാൻ സാധ്യതയുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് പ്രവചിച്ചു. കുടുംബ വാഹനങ്ങൾ എന്ന നിലയിൽ മോഡലുകളുടെ വർദ്ധിച്ചുവരുന്ന ആകർഷണമാണ് ഇതിന് കാരണം. പ്രത്യേകിച്ചും, എംപിവി വിഭാഗം 2025 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2030 സാമ്പത്തിക വർഷത്തിൽ 50 ശതമാനം വരെ വളരാൻ സാധ്യതയുണ്ട്, അതേസമയം എസ്‌യുവികൾ 55 ശതമാനം വരെ വളർച്ച കാണും.
2026 സാമ്പത്തിക വർഷത്തിൽ, ടിയാഗോയുടെ ഏറ്റവും പുതിയ പതിപ്പ്, ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്, ഹാരിയർ.ഇവ് തുടങ്ങിയ മോഡലുകൾ ബ്രാൻഡ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, വിൽപ്പനയിലുള്ള ഹാരിയറിന്റെയും സഫാരിയുടെയും പവർട്രെയിൻ ശ്രേണി വൈവിധ്യവൽക്കരിക്കാനും കമ്പനി പദ്ധതിയിടുന്നു.
അതേസമയം ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹാരിയർ ഇവി പുറത്തിറക്കിയിരുന്നു. ഇതോടെ, കമ്പനി വീണ്ടും ഇന്ത്യയിൽ ഫോർ-വീൽ ഡ്രൈവ് (4WD) സാങ്കേതികവിദ്യ തിരികെ കൊണ്ടുവന്നു. ഇത്തവണ പുതിയ പേരും പുതിയ ശൈലിയിലുള്ള ക്വാഡ് വീൽ ഡ്രൈവും ലഭിക്കുന്നു. സഫാരി സ്റ്റോം പോലുള്ള എസ്‌യുവികളിൽ ഒരിക്കൽ ലഭിച്ചിരുന്ന അതേ സാങ്കേതികവിദ്യയാണിത്. എന്നാൽ ഇത്തവണ അത് ഇലക്ട്രിക്ക് രൂപത്തിൽ തിരിച്ചെത്തുന്നു. ഹാരിയർ ഇവി വിൽപ്പനയുടെ 20 ശതമാനം ക്വാഡ് വീൽ ഡ്രൈവ് പതിപ്പിൽ നിന്നായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
