ടെസ്‌ലയുടെ മോഡൽ 3 ഉം മോഡൽ Y ഉം ഇന്ത്യയിൽ പരീക്ഷണ ഓട്ടത്തിനിടെ കണ്ടെത്തി. മോഡൽ Y ഫെയ്‌സ്‌ലിഫ്റ്റ് ഉൾപ്പെടെ നാല് വാഹനങ്ങൾ ഒരു പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തി. മുംബൈയിൽ ആദ്യ ഡീലർഷിപ്പ് തുറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
അമേരിക്കൻ ഇലകട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യയിലെ ലോഞ്ചിനായി തയ്യാറെടുക്കുകയാണ്. കമ്പനിയുടെ ചില വാഹനങ്ങൾ ഇതിനകം തന്നെ നമ്മുടെ റോഡുകളിൽ പരീക്ഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഡൽ 3 ഉം മോഡൽ Y ഉം ഒരു പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ആകെ നാല് വാഹനങ്ങൾ അവിടെ ഉണ്ടായിരുന്നു. അതിലൊന്ന് ടെസ്‌ല മോഡൽ Y ഫെയ്‌സ്‌ലിഫ്റ്റ് ആയിരുന്നു. ടെസ്‍ല ഇന്ത്യയിലെ മോഡൽ 3, മോഡൽ വൈ വേരിയന്റുകൾക്കുള്ള ഹോമോലോഗേഷൻ അപേക്ഷകൾ നേരത്തെ സമർപ്പിച്ചിരുന്നു. കമ്പനിയുടെ ആദ്യ ഡീലർഷിപ്പ് മുംബൈയിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ മോഡലായിരിക്കും മോഡൽ വൈ. മെച്ചപ്പെട്ട ഗ്രൗണ്ട് ക്ലിയറൻസിന്റെ അധിക നേട്ടം മോഡൽ വൈ നൽകുന്നു. ഇത് രാജ്യത്തെ റോഡുകളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ നിർണായകമാണ്. മുൻകാലങ്ങളിൽ, മോഡൽ 3 യുടെ മുൻ തലമുറയുമായി ടെസ്‌ല നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് കുറവായിരുന്നു പ്രധാന കാരണം.
ആഗോള വിപണിയിൽ, മോഡൽ Y ഒരൊറ്റ കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. ലോംഗ് റേഞ്ച് ബാറ്ററി പായ്ക്കിനൊപ്പം ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഇപിഎ റേറ്റുചെയ്ത 526 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയും നൽകുന്നു. വാഹനത്തിന് പൂജ്യത്തിൽ നിന്നും 96 കിലോമീറ്റർ വരെ വേഗത വെറും 4.6 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സാധിക്കും.
ഹീറ്റിംഗും വെന്‍റിലേഷനും ഉള്ള പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 15 സ്പീക്കറുകളും ഒരു സബ് വൂഫറും ഉൾപ്പെടുന്ന സൗണ്ട് സിസ്റ്റം, ഒരു ഹാൻഡ്‌സ്-ഫ്രീ ട്രങ്ക്, എട്ട് ക്യാമറകൾ എന്നിവ അധിക സവിശേഷതകളിൽ ഉൾപ്പെടുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ബ്ലൈൻഡ്-സ്പോട്ട് കൊളീഷൻ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ ഒഴിവാക്കൽ തുടങ്ങിയ സജീവ സുരക്ഷാ സാങ്കേതികവിദ്യകളും ഈ കാറിൽ സജ്ജീകരിച്ചിരിക്കുന്നു.
സ്റ്റെൽത്ത് ഗ്രേ, പേൾ വൈറ്റ്, ഡീപ് ബ്ലൂ മെറ്റാലിക്, ഡയമണ്ട് ബ്ലാക്ക്, അൾട്രാ റെഡ്, ക്വിക്ക്‌സിൽവർ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. ഇന്റീരിയറിന് കറുപ്പും വെളുപ്പും അല്ലെങ്കിൽ പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള തീം ലഭിക്കുന്നു. നിലവിൽ, ഇന്ത്യയ്ക്ക് ഏതൊക്കെ നിറങ്ങൾ ലഭിക്കുമെന്ന് വ്യക്തമല്ല.
മോഡൽ വൈ അടുത്തിടെ ഒരു പ്രധാന പുനർരൂപകൽപ്പനയ്ക്ക് വിധേയമായിരുന്നു. മുന്നിലും പിന്നിലും പുതിയ ലൈറ്റിംഗ് സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. മെച്ചപ്പെട്ട ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, പുതിയ ടച്ച്‌സ്‌ക്രീൻ ഇന്റർഫേസ്, സോഫ്റ്റ്-ടച്ച് ഫിനിഷ് എന്നിവ ഉപയോഗിച്ച് ഇന്റീരിയർ നവീകരിച്ചു. മാത്രമല്ല, മികച്ച പ്രകടനത്തിനായി സസ്‌പെൻഷൻ പുനഃക്രമീകരിച്ചു, സ്റ്റിയറിംഗ് കൂടുതൽ പ്രതികരണശേഷിയുള്ളതാക്കി. കൂടാതെ, റോഡ് ശബ്‌ദം കുറയ്ക്കുന്നതിന് മോഡൽ വൈയിൽ ഇപ്പോൾ അക്കൗസ്റ്റിക് ഗ്ലാസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
