വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്, തങ്ങളുടെ പുതിയ റസാദ് ഇലക്ട്രിക് മാക്സി സ്‍കൂട്ടറിന്റെ ഡിസൈനിന് ഇന്ത്യയിൽ പേറ്റന്റ് നേടി. മൂർച്ചയേറിയ രൂപകൽപ്പനയും, ഡിസ്ക് ബ്രേക്കുകളും, 100 കി.മീ വരെ വേഗതയും പ്രതീക്ഷിക്കുന്ന ഈ മോഡൽ, ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

ന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. കമ്പനിയുടെ പുതിയ റസാദ് ഇലക്ട്രിക് മാക്സി സ്‍കൂട്ടറിന്റെ ഡിസൈനിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചതോടെയാണ് പുതിയ മോഡൽ ഇന്ത്യയിലെത്താനുള്ള സാധ്യതകൾ ശക്തമായത്. രാജ്യത്ത് ഇലക്ട്രിക് സ്‍കൂട്ടർ ശ്രേണി വിപുലീകരിക്കാനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ പേറ്റന്റ് വിലയിരുത്തപ്പെടുന്നത്.

വ്യത്യസ്‍ത രൂപകൽപ്പന, മാക്സി സ്‍കൂട്ടർ ശൈലി

സാധാരണ ഇലക്ട്രിക് സ്‍കൂട്ടറുകളേക്കാൾ വലിപ്പമേറിയ മാക്സി സ്കൂട്ടർ വിഭാഗത്തിലാണ് റസാദ് എത്തുന്നത്. മൂർച്ചയേറിയതും കോണുകളുള്ളതുമായ രൂപകൽപ്പനയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുൻവശത്ത് വി ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ സഹിതമുള്ള എൽഇഡി ഹെഡ്‌ലൈറ്റാണ് പ്രധാന ആകർഷണം. ഉയരമുള്ള വിൻഡ്‍സ്‍ക്രീൻ, റൈഡർക്കും പിന്നിലിരിക്കുന്ന യാത്രക്കാരനും പ്രത്യേകം സൗകര്യം നൽകുന്ന സ്റ്റെപ്പ്ഡ് സീറ്റ്, ഫ്ലാറ്റ് ഫ്ലോർബോർഡ് എന്നിവയും സ്‍കൂട്ടറിലുണ്ട്. സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിലാണ് മറ്റൊരു പ്രത്യേകത.

മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്ക്

സസ്പെൻഷൻ സംവിധാനത്തിലും റസാദ് ശ്രദ്ധേയമാണ്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകളാണ് ബ്രേക്കിങ് സംവിധാനത്തിന്റെ ഭാഗം. വലിയ അലോയ് വീലുകളും വീതിയേറിയ ടയറുകളും സ്‍കൂട്ടറിന് കൂടുതൽ കരുത്തുറ്റ രൂപം നൽകുന്നു. നഗര യാത്രകൾക്ക് പുറമെ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് മാക്സി സ്‍കൂട്ടറിന്റെ രൂപകൽപ്പന.

100 കിലോമീറ്റർ വരെ വേഗത?

റസാദിന്റെ ബാറ്ററിയെയും മോട്ടോറിനെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വിൻഫാസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ വിയറ്റ്നാമീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സ്‍കൂട്ടറിൽ മധ്യഭാഗത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ഉണ്ടായേക്കും. മോട്ടോറിന് ഏകദേശം 7.1 കിലോവാട്ട് പരമാവധി കരുത്തുണ്ടാകുമെന്നും മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വിവരങ്ങൾ വിൻഫാസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിൽ എത്തുമോ റസാദ്?

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വിപുലീകരിക്കാനുള്ള നീക്കത്തിലാണ് വിൻഫാസ്റ്റ്. റസാദിന് മുമ്പ് സുലാദ് ആശയത്തെ അടിസ്ഥാനമാക്കിയുള്ള വൈപ്പർ ഇലക്ട്രിക് സ്‍കൂട്ടറിന്റെയും ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെയും ഡിസൈനുകൾക്കും കമ്പനി ഇന്ത്യയിൽ പേറ്റന്റ് നേടിയിരുന്നു.

2026ൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതി വിൻഫാസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാൽ റസാദിന്റെ ഡിസൈനിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചതുകൊണ്ട് മാത്രം സ്‍കൂട്ടർ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഉറപ്പിക്കാനാകില്ല. വാഹനത്തിന്റെ ഇന്ത്യയിലെ അവതരണ തീയതി, വില, സാങ്കേതിക സവിശേഷതകൾ എന്നിവ സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. റസാദ് ഇന്ത്യയിലെത്തിയാൽ, വലിപ്പമേറിയതും പ്രീമിയം വിഭാഗത്തിലുള്ളതുമായ ഇലക്ട്രിക് സ്‍കൂട്ടറുകളുമായി നേരിട്ട് മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിൻഫാസ്റ്റിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും പുതിയ മോഡൽ സഹായിച്ചേക്കും.