Asianet News MalayalamAsianet News Malayalam

WardWizard : ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇ -സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് വാര്‍ഡ് വിസാര്‍ഡ്

വൂള്‍ഫ്+, ജെന്‍ നെക്‌സ് നാനു+, ഫ്‌ലീറ്റ് മാനേജ്‌മെന്റ് ഇലക്ട്രിക് സ്‌കൂട്ടറായ ഡെല്‍ ഗോ എന്നിവയാണ്  വിപണിയില്‍ ഇറക്കിയിരിക്കുന്നത്. 

WardWizard launches made in India high speed e scooters
Author
Kochi, First Published Feb 12, 2022, 10:17 PM IST

കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ (Joy E Bike) നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ്  മൊബിലിറ്റി ലിമിറ്റഡ് ( WardWizard Innovations And Mobility Limited) മൂന്ന് പുതിയ ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വൂള്‍ഫ്+, ജെന്‍ നെക്‌സ് നാനു+, ഫ്‌ലീറ്റ് മാനേജ്‌മെന്റ് ഇലക്ട്രിക് സ്‌കൂട്ടറായ ഡെല്‍ ഗോ എന്നിവയാണ്  വിപണിയില്‍ ഇറക്കിയിരിക്കുന്നത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ ഇ സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും  ഉല്പന്നനിര വിപുലീകരിക്കുന്നതിനുമായിട്ടാണ് പുതിയ മോഡലുകളുടെ അവതരണം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കമ്പനിയുടെ ആര്‍ ആന്‍ഡ് ഡി വിഭാഗം പ്രാദേശിക വത്ക്കരണവും മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭവും പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് ഈ വാഹനങ്ങള്‍ രൂപകല്പന ചെയ്‍തിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലുള്ള അത്യാധുനിക ഫാക്ടറിയിലാണ് ഈ സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്.

ഓഫ് റോഡുകള്‍ക്ക് വേണ്ടി 160 എംഎം റോഡ് ക്ലിയറന്‍സോടെ രൂപകല്പന ചെയ്തിരിക്കുന്ന വൂള്‍ഫ്+, ജെന്‍ നെക്‌സ് നാനു+ മോഡലുകളില്‍ കീലെസ് സ്റ്റാര്‍ട്ട്, സ്റ്റോപ്, സ്മാര്‍ട്ട് കണക്റ്റിവിറ്റി, ദൂരെയിരുന്ന് ബാറ്ററി സ്റ്റാറ്റസ് പരിശോധിക്കാനും സ്‌കൂട്ടര്‍ ട്രാക്ക് ചെയ്യാനുമുള്ള റിമോട്ട് ആപ്ലിക്കേഷന്‍, ഇക്കോ, സ്‌പോര്‍ട്ട്‌സ്, ഹൈപര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡ്, റിവേഴ്‌സ് മോഡ് തുടങ്ങിയ സവിശേഷതകളോടെയാണ് എത്തുന്നത്. 20എന്‍എം ടോര്‍ക് തരുന്ന 1500 ഡബ്ല്യു മോട്ടോറുള്ള ഈ സ്‌കൂട്ടറില്‍ പരമാവധി 55 വേഗത്തില്‍ സഞ്ചരിക്കാം. 60വി35എഎച്ച് ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ യാത്രചെയ്യാം. വൂള്‍ഫ്+ന് 1,10,185 രൂപയും  ജെന്‍ നെക്‌സ് നാനു+ന്  1,06,991 രൂപയും ഡെല്‍ ഗോയ്ക്ക് 1,14,500 രൂപയുമാണ് എക്‌സ്‌ഷോറൂം വില. മൂന്നിനും മൂന്ന് വര്‍ഷത്തെ വാറന്റി ലഭ്യമാകും. കമ്പനിയുടെ എല്ലാ ഡിലര്‍ഷിപ്പുകളിലും ബുക്കിങ് ആരംഭിച്ചു.

ഇ- യാത്രാ സംവിധാനങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങളും സബ്‌സിഡികളും നല്‍കുമ്പോള്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ആഗോള നിലവാരത്തിലുള്ള ഉല്‍പന്ന ശ്രേണിയും ലഭ്യമാക്കിക്കൊണ്ട് ഈ വ്യവസായത്തിലെ സാധ്യതകള്‍ വളര്‍ത്താനും ശക്തിപ്പെടുത്താനും തങ്ങളും പ്രതജ്ഞാബദ്ധരാണെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ്  മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തേ പറഞ്ഞു. ഹരിത വാഹന മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ആര്‍ ആന്‍ഡ് ഡിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios