തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് ചുരുക്കിയത് അംഗീകരിക്കാനാവില്ല. ആത്മ നിർഭർ ഭാരതിൻ്റെ താഴും താക്കോലും സ്വകാര്യ മേഖലയുടെ ലാഭത്തിന്  ഏൽപിച്ചെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. 

ദില്ലി: പി എം ഗതി ശക്തി പദ്ധതിക്കെതിരെ ബിനോയ് വിശ്വം എം പി (Binoy Viswam) രം​ഗത്ത്. സ്വകാര്യ കൊള്ളയ്ക്കുള്ള ചൂളം വിളിയാണ് പദ്ധതിയെന്ന് ബിനോയ് വിശ്വം വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് ചുരുക്കിയത് അംഗീകരിക്കാനാവില്ല. ആത്മ നിർഭർ ഭാരതിൻ്റെ താഴും താക്കോലും സ്വകാര്യ മേഖലയുടെ ലാഭത്തിന് ഏൽപിച്ചെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. 

എന്താണ് പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി

ബജറ്റില്‍ (Union Budget) പ്രഖ്യാപിച്ച പിഎം ഗതി ശക്തി (PM Gati Shakti) പ്രൊജക്ടിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേക്ക് (Indian Railway) മികച്ച മുന്നേറ്റം സാധ്യമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ . 400 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൂടുതല്‍ ഊര്‍ജ്ജ ക്ഷമയതയും യാത്രാ സൗകര്യങ്ങളുമുള്ള ട്രെയിനുകളാണ് വന്ദേ ഭാരത് ട്രെയിനുകള്‍. ഇതിന് പുറമെ 100 ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകളും സ്ഥാപിക്കും. മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ക്ക് വേണ്ടിയാണിത്.

ഇതിലൂടെ റെയില്‍വേക്ക് ചരക്ക് ഗതാഗത സേവന രംഗത്ത് മികച്ച സൗകര്യങ്ങളൊരുക്കാന്‍ സാധിക്കും. ഇത് ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് അടക്കം സഹായകരമാകും. ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതില്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധി പുതിയ സംവിധാനത്തിലൂടെ മറികടക്കനാകുമെന്നാണ് പ്രതീക്ഷ.

ഇതിന് പുറമെ പ്രാദേശിക തലത്തില്‍ ഉല്‍പ്പാദനം പരിപോഷിപ്പിക്കുന്നതിനുള്ള വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതും റെയില്‍വേയുടെ ചരക്ക് ഗതാഗത സേവനത്തിന് ഗുണമാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 2000 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പാത വികസിപ്പിക്കാനും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു.

റോഡ്, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മാസ് ട്രാന്‍സ്‌പോര്‍ട്, ജലപാത, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി.

Read Also: കാര്‍ഷിക മേഖലയില്‍ വന്‍ പ്രഖ്യാപനങ്ങളില്ല; നദീസംയോജന പദ്ധതി, താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ