Asianet News MalayalamAsianet News Malayalam

Union Budget 2022 : അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

അടുത്ത ഇരുപത്തിയഞ്ച് വർഷത്തെ വികസനത്തിനുള്ള ദർശനം മുന്നോട്ടു വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു

Union Budget 2022 Center follows Dr BR Ambedkar policy for equality says President Ram Nath Kovind
Author
Delhi, First Published Jan 31, 2022, 11:24 AM IST

ദില്ലി: പാർലമെന്റിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ദില്ലിയിൽ തുടക്കമായി. ഡോ ബി ആർ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു.

കൊവിഡിനെതിരെ പോരാടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും നമിക്കുന്നു. അടുത്ത 25 വർഷത്തെ വികസനത്തിനുള്ള ദർശനം മുന്നോട്ടു വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. കൊവിഡ് നേരിടാൻ എല്ലാവരും ഒരു സംഘമായി നിന്ന് പൊരുതി. സർക്കാരും പൗരന്മാരും ഐക്യത്തോടെ നിന്ന് പൊരുതിയത് ജനാധപത്യത്തിൻറെ വിജയമാണെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് 150 കോടി വാക്സീൻ ഡോസുകൾ നല്കാൻ കഴിഞ്ഞു. 70 ശതമാനം പേർ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചു. കൗമാരക്കാർക്കുള്ള വാക്സീനേഷൻ തുടങ്ങാൻ കഴിഞ്ഞു. കരുതൽ ഡോസും നല്കി തുടങ്ങി. ഇന്ത്യയിൽ തയ്യാറാക്കിയ വാക്സീനുകൾ ലോകത്തെയാകെ മഹാമാരി നേരിടാൻ സഹായിക്കും. ബിആർ അംബേദ്ക്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നത്. കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകാനായി. 19 മാസം കൊണ്ട് 260000 കോടി രൂപ മുടക്കി 80 കോടിയിലധികം പേർക്ക് സൗജന്യ ഭക്ഷ്യ ധാന്യം നൽകി. ഈ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി 2022 മാർച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രണ്ടു കോടി വീടുകൾ പാവപ്പെട്ടവർക്ക് നിർമ്മിച്ചു നല്കി. ഹർ ഘർ ജൽ എന്ന പേരിൽ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാർഷിക രംഗത്തെ വികസനങ്ങൾക്ക് കാരണം ചെറുകിട കർഷകരുടെ അദ്ധാനം. 11 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ വീതം പ്രതിവർഷം നല്കി. 

നദീസംയോജന പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് രാഷ്ട്രപതി. മഹിളാ ശാക്തീകരണം സർക്കാരിൻറെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്. സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്താനുള്ള ബില്ല് പരാമർശിച്ചു കൊണ്ടാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. മുത്തലാഖ് നിരോധിക്കാനുള്ള നിയമവും വനിതാ ശാക്തീകരണത്തിനായിരുന്നുവെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു.

ഇന്ത്യ വീണ്ടും വേഗത്തിൽ വികസിക്കുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി. 7000 സ്റ്റാർട്ട് അപ്പുകൾ വഴി ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ കിട്ടുന്നു. കയറ്റുമതിയുടെ കാര്യത്തിൽ ഒന്നര ഇരട്ടി വർദ്ധന ഈ വർഷം ഉണ്ടായി. ചെറുകിട വ്യവസായ രംഗത്ത് ഒന്നര കോടി തൊഴിലുകൾ സംരക്ഷിക്കാനായി. 8 വർഷം കൊണ്ട് അമ്പതിനായിരം കിലോമീറ്റർ ഹൈവേ നിർമ്മാണം പൂർത്തിയാക്കി. ദില്ലി-മുംബൈ എക്സ്പ്രസ് വേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പസ് വേ ആകും. സാമ്പത്തിക , തൊഴിൽ രംഗത്തെ പരിഷ്ക്കരണം തുടരും.

രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. സേനകളുടെ ആധുനിക വത്ക്കരണത്തിൽ 85 ശതമാനം പങ്കും രാജ്യത്തിനകത്തുള്ള സ്ഥാപനങ്ങൾക്ക് തന്നെയാണ്. സൈനിക ഉപകരണങ്ങളിൽ പലതും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios