ദില്ലി: ഇന്ത്യൻ റെയിൽവേയിൽ റിപ്പോർട്ട് ചെയ്ത 1.4 ലക്ഷം ഒഴിവുകൾ നികത്തുന്നതിനായുള്ള കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക ഘട്ട പരീക്ഷ ഡിസംബർ 15 മുതൽ ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലും ഇക്കാര്യം ട്വീറ്റ് ചെയ്തു.

നോൺ ടെക്നിക്കൽ, ഐസൊലേറ്റഡ് ആൻഡ് മിനിസ്റ്റീരിയൽ, ലെവൽ വൺ എന്നീ മൂന്ന് വിഭാഗങ്ങളിലെ 1,40,640 തസ്തികകളിലേക്കാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ അപേക്ഷകൾ നേരത്തെ ക്ഷണിച്ചതാണെന്നും ഇവയുടെ സൂക്ഷ്മപരിശോധന പൂർത്തിയായെങ്കിലും കോവിഡ് മൂലം പരീക്ഷ നടത്തിപ്പ് വൈകുകയായിരുന്നെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.

35,208 പോസ്റ്റുകള്‍ ഗാര്‍ഡ്, ഓഫിസ് ക്ലാര്‍ക്ക്, കമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങി നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഉളളതാണ്. 1,663 പോസ്റ്റുകള്‍ ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍ കാറ്റഗറിയില്‍ പെട്ടതും 1,03,769 പോസ്റ്റുകള്‍ മെയിന്‍റയിനേഴ്‌സ്, പോയിന്‍റ്സ്മാന്‍ തുടങ്ങി ലെവല്‍ വണ്‍ ഒഴിവില്‍ വരുന്നതുമാണ്.