Asianet News MalayalamAsianet News Malayalam

വ്യോമസേനയില്‍ 235 ഓഫീസര്‍ ഒഴിവുകൾ; അവസാന തീയതി ഡിസംബർ 30

ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി  ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വഴിയാണ് ഫ്‌ളയിങ് ബ്രാഞ്ചില്‍ പ്രവേശനം. 

235 officer vacancies in the Air Force; The deadline is December 30
Author
Delhi, First Published Dec 3, 2020, 1:08 PM IST

ദില്ലി:  ഇന്ത്യന്‍ വ്യോമസേനയിലെ കമ്മിഷന്‍ഡ് ഓഫീസര്‍മാരാകാനുള്ള 235 ഒഴിവുകളിലേക്ക് എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷ ക്ഷണിച്ചു. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി  ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വഴിയാണ് ഫ്‌ളയിങ് ബ്രാഞ്ചില്‍ പ്രവേശനം. എസ്.എസ്.സി., പെര്‍മനെന്റ് കമ്മിഷന്‍ വഴിയാണ് ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചില്‍  പ്രവേശനം സാധ്യമാകുന്നത്. അവിവാഹിതർക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 2022 ജനുവരി മുതലാണ് കോഴ്‌സ് ആരംഭിക്കുക.

ഫ്‌ളയിങ് ബ്രാഞ്ച്: i. പന്ത്രണ്ടാംക്ലാസില്‍ മാത്‌സിനും ഫിസിക്‌സിനും 60 ശതമാനം വീതം മാര്‍ക്ക്, ii. 60 ശതമാനം മാര്‍ക്കോടെ ബിരുദം/എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍ജിനിയേഴ്‌സ് (ഇന്ത്യ)യുടെയോ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി വിഭാഗങ്ങളിലെ പരീക്ഷയിലെ വിജയം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം. എന്‍.സി.സി. എയര്‍വിങ് സീനിയര്‍ ഡിവിഷന്‍ സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് സ്‌പെഷ്യല്‍ എന്‍ട്രിക്ക് അപേക്ഷിക്കാനുള്ള അര്‍ഹത.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍): i. പന്ത്രണ്ടാം ക്ലാസില്‍ മാത്‌സിനും ഫസിക്‌സിനും 50 ശതമാനം വീതം മാര്‍ക്ക്, ii. ബിരുദം/എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍ജിനിയേഴ്‌സ് (ഇന്ത്യ)യുടെയോ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി വിഭാഗങ്ങളിലെ പരീക്ഷയിലെ വിജയം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയേഴ്‌സിന്റെ ഗ്രാജ്വേറ്റ് മെമ്പര്‍ഷിപ്പ് എക്‌സാമിനേഷനില്‍ 60 ശതമാനം മാര്‍ക്കോടെ വിജയം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍): മൂന്ന് ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ് 60 ശതമാനം മാര്‍ക്കോടെ ബിരുദം/എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍ജിനിയേഴ്‌സ് (ഇന്ത്യ)യുടെയോ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി വിഭാഗങ്ങളിലെ പരീക്ഷയിലെ വിജയം. അക്കൗണ്ട്‌സ് 60 ശതമാനം മാര്‍ക്കോടെ ബി.കോം. നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്.

ഫ്‌ളയിങ് ബ്രാഞ്ചിന് 20-24 വയസ്സ്. 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനുമിടയില്‍, രണ്ട് തീയതികളും ഉള്‍പ്പെടെ, ജനനം. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് രണ്ടുവര്‍ഷത്തെ വയസ്സിളവുണ്ട്. ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിന് 20-26 വയസ്സ്. 1996 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനുമിടയില്‍ രണ്ട് തീയതികളും ഉള്‍പ്പെടെ ജനിച്ചവരാകണം.

2022 ജനുവരി മുതല്‍ ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കും. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലുള്ളവര്‍ക്ക് 74 ആഴ്ചയും മറ്റുള്ളവര്‍ക്ക് 52 ആഴ്ചയുമാണ് പരിശീലനം. പരിശീലനത്തിനുശേഷം ഓഫീസര്‍ തസ്തികയില്‍ നിയമിക്കും. ഓണ്‍ലൈന്‍ പരീക്ഷയാണുണ്ടാകുക. അപേക്ഷാഫീസ്: 250 രൂപ. എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി വഴി അപേക്ഷിക്കുന്നവര്‍ക്ക് ഫീസില്ല. യോഗ്യത, അപേക്ഷിക്കേണ്ട രീതി, പരീക്ഷ, പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങിയ വിശദവിവരങ്ങള്‍ www.careerindianairforce.cdac.in, www.afcat.cdac.in എന്നിവയില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 30 ആണ് അവസാന തീയതി. 

Follow Us:
Download App:
  • android
  • ios