മരിക്കും വരെ പഠിക്കണമെന്നാണ് ആഗ്രഹം. സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഏറ്റവും പ്രായം ചെന്ന പഠിതാവ് ആണ് പാറ്റമുത്തശ്ശി. 

രണ്ടാംവയല്‍: തൊണ്ണൂറ്റി ഒന്നാം വയസ്സിൽ അക്ഷരം പഠിക്കുന്ന മുത്തശ്ശി ഉണ്ട് വയനാട്ടിൽ. സാക്ഷരത നേടാനുള്ള ത്രീവ ശ്രമത്തിലാണ് പനമരം പാതിരിയമ്പം പണിയ കോളനിയിലെ പാറ്റ മുത്തശ്ശി. സ്വന്തമായി പേരെഴുതാൻ പഠിച്ചതിന്‍റെ സന്തോഷത്തിലാണ് പാറ്റമുത്തശ്ശിയുള്ളത്. എഴുതാൻ കൈകൾ ശരിക്കും വഴങ്ങില്ല. കണ്ണിനും കാഴ്ച അത്ര പോര. പക്ഷെ വിട്ടുകൊടുക്കാൻ പാതിരിയമ്പം കോളനിക്കാരുടെ മുത്തശ്ശി തയ്യാറല്ല.

ചെറുപ്പത്തിൽ പഠിക്കാൻ കഴിയാത്തിന്‍റെ വിഷമം മാറ്റാനാണ് ഈ പഠനമെന്ന് പാറ്റമുത്തശ്ശി പറയുന്നു. മരിക്കും വരെ പഠിക്കണമെന്നാണ് ആഗ്രഹം. സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഏറ്റവും പ്രായം ചെന്ന പഠിതാവ് ആണ് പാറ്റമുത്തശ്ശി. തുല്യതാ പഠനത്തിലൂടെ പ്ലസ്ടു പഠിക്കുന്ന അതുല്യയാണ് മുത്തശ്ശിയുടെ അധ്യാപിക.

നാടന്‍ പാട്ട് പാടാൻ ഒക്കെ അറിയാമായിരുന്ന മുത്തശ്ശിക്ക് അത് മറന്ന് പോയതിന്‍റെ ചില്ലറ സങ്കടവുമുണ്ട്. ആടിനെ വളർത്തി ജീവിക്കുന്ന മുത്തശ്ശി തുല്യതാ പരീക്ഷ എഴുതണമെന്ന ആഗ്രഹത്തില്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.