പാരിസ്: കൊറോണ വൈറസ് ഭീതി പരത്തി വ്യാപിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാൻ സാധിക്കാതെ ലോകത്താകെ വീട്ടിലിരിക്കുന്നത് 85 കോടി വിദ്യാർത്ഥികളെന്ന് യുനെസ്കോ. ഇവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലോകത്താകെയുള്ള വിദ്യാർത്ഥികളിൽ പകുതിയോളമാണ് ഈ കണക്ക്. 

102 രാജ്യങ്ങളിൽ പൂർണ്ണമായും 11 രാജ്യങ്ങളിൽ ഭാ​ഗികമായും സ്കുളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. (യുനെസ്കോയുടെ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കൂടുതൽ രാജ്യങ്ങളിൽ വിദ്യാലയങ്ങൾ അടച്ചു.) അസാധാരണ സാഹചര്യമാണ് ലോകത്തെമ്പാടും നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂളിലോ കോളേജിലോ പോകാൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണം നാലു ദിവസത്തിനിടെ ഇരട്ടിയായി. 

വൻതോതിൽ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടുന്നതിനാൽ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. അധ്യയന ദിനങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നികത്താൻ ശ്രമിക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ റേഡിയോയിലൂടെയും ടിവിയിലൂടെയും പഠനം നടത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുമായി വീഡിയോകോൺഫറൻസ് വഴി നിലവിലെ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും യുനെസ്കോ വ്യക്തമാക്കി.