ദില്ലി: നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് കീഴിൽ നടക്കുന്ന സൈനിക് സ്കൂൾ പ്രവേശന പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസ്സുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷയാണിത്.  aissee.nta.nic.in, nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
 
രാജ്യത്തെ 176 നഗരങ്ങളിൽ 380 കേന്ദ്രങ്ങളിലായി ഫെബ്രുവരി 7നാണ് പരീക്ഷ. ആറാം ക്ലാസ്സുകാർക്ക് 150 മിനിറ്റും ഒൻപതാം ക്ലാസ്സുകാർക്ക് 180 മിനിറ്റുമാകും പരീക്ഷയുടെ ദൈർഘ്യം. കൂടുതൽ വിവരങ്ങൾക്കും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ 0120-6895200 എന്ന നമ്പറിലോ aissee@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.