ദില്ലി: എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷയായ ജെഇഇയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി ആമസോൺ അക്കാദമി ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ആമസോൺ. ജെഇഇ പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓൺലൈൻ വിപണിയിലെ ഭീമൻമാരായ ആമസോൺ വ്യക്തമാക്കുന്നു. 

ക്യൂറേറ്റഡ് ലേണിംഗ് മെറ്റീരിയല്‍, തത്സമയ പ്രഭാഷണങ്ങള്‍, കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയുടെ സമഗ്രമായ വിലയിരുത്തലുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ജെ ഇ ഇയ്ക്ക് ആവശ്യമായ ആഴത്തിലുള്ള അറിവും പരിശീലന രീതികളും ഓണ്‍ലൈനിലൂടെ നല്‍കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും വെബിലും ആമസോണ്‍ അക്കാദമിയുടെ ബീറ്റ പതിപ്പ് സൗജന്യമായി ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.  

തിരഞ്ഞെടുത്ത 15,000-ത്തിലധികം ചോദ്യങ്ങള്‍, രാജ്യത്തെ ഏറ്റവും മികച്ച വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ മോക്ക് ടെസ്റ്റുകള്‍, ഘട്ടം ഘട്ടമായുള്ള പരിശീലന രീതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആമസോണ്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. കുറച്ചു മാസങ്ങളിലേക്ക് ഈ സേവനങ്ങൾ തീർത്തും സൗജന്യമായിട്ടാണ് നൽകുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.