അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ നടത്താനിരുന്ന സൈനിക നീക്കങ്ങൾ അവസാന നിമിഷം റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ഇറാനുമായും മറ്റ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകളെ തുടർന്ന് ഒരു നിർണ്ണായക കരാറിന് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 

ടെഹ്റാൻ: ഇറാനെതിരെ നടത്താനിരുന്ന കടുത്ത സൈനിക നീക്കങ്ങളും വ്യോമാക്രമണങ്ങളും അവസാന നിമിഷം റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍റെ പരമോന്നത നേതൃത്വവുമായും മേഖലയിലെ വിവിധ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ നിർണ്ണായക കരാറിന്‍റെ അവസാന വട്ട വ്യവസ്ഥകൾക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ നാടകീയ പിന്മാറ്റമെന്ന് ട്രംപ് വെളിപ്പെടുത്തി. തന്‍റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമാവുകയും ഇരുവിഭാഗവും കരാറിന് അംഗീകാരം നൽകുകയും ചെയ്ത സാഹചര്യത്തിൽ, യുഎസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇറാനെതിരെ രാത്രി നടത്താനിരുന്ന ബോംബാക്രമണങ്ങളും മറ്റ് സൈനിക നീക്കങ്ങളും റദ്ദാക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകളിലെ അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും തത്വത്തിലും വിശദമായും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചരിത്രപരമായ ചർച്ചകളുടെയും ധാരണകളുടെയും ഭാഗമായി അമേരിക്ക, ഇസ്രായേൽ എന്നിവർക്ക് പുറമെ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, തുർക്കി, പാകിസ്താൻ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഈ നയതന്ത്ര ഇടപാടുകൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ ഇറാനെതിരെയുള്ള നാവിക ഉപരോധം കൂടുതൽ ശക്തമായി തന്നെ തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സമാധാന കരാർ ഒപ്പുവെക്കുന്ന തീയതിയും സ്ഥലവും വളരെ പെട്ടെന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.